Connect with us

Kannur

കണ്ണൂരില്‍ കണ്ണുംനട്ട്...

Published

|

Last Updated

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്കോട്ടയെന്നാണ് കണ്ണൂര്‍ സാധാരണയായി അറിയപ്പെടുന്നതെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പടെയുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വാധിനമുണ്ട്. എന്നാല്‍ പരമ്പരാഗതമായി സി പി എം തട്ടകത്തില്‍ ഒരു പോറലുമേല്‍പ്പിക്കാന്‍ ഈ പറഞ്ഞ കക്ഷികള്‍ക്കൊന്നും ഇതുവരെയായും കഴിഞ്ഞിട്ടുമില്ല. പുതിയൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ സംസ്ഥാനം അഭിമുഖീകരിക്കുമ്പോള്‍ അതില്‍ കണ്ണൂരിലെ രാഷ്ട്രീയ കാലാവസ്ഥയും രാഷ്ട്രീയ കോലാഹലങ്ങളും വലിയ പങ്കുവഹിക്കുമെന്നത് സ്വാഭാവികം. കണ്ണൂരിലെ സംഭവങ്ങള്‍ മാത്രം സംസ്ഥാനത്ത് പ്രധാനപ്രചാരണ വിഷയമാകാറുണ്ടെന്നതും കേരളത്തിലെ മുന്‍ കാല തിരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇത്തവണ ഇവിടുത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ മുഖ്യമന്തിയാകാന്‍ സാധ്യതയുള്ള പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ജനവിധി തേടുക.
നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ സി പി എം ഉള്‍പ്പെടുന്ന ഇടതു മുന്നണിക്കു തന്നെയാണ് മുന്‍തൂക്കം. ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും ഇടതു മുന്നണിയാണ് വിജയിച്ചത്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലാണ് മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടന്നത്. അതിന് മുമ്പത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയില്‍ ഒരു മണ്ഡലം കൂടി പുതുതായി നിലവില്‍ വന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, അഴീക്കോട്, കല്യാശ്ശേരി, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവയാണ് കണ്ണൂരിലെ മണ്ഡലങ്ങള്‍. ഇതില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി എന്നിവ ഇടതു മുന്നണിക്കും, കണ്ണൂര്‍, ഇരിക്കൂര്‍, അഴീക്കോട്, പേരാവൂര്‍, കൂത്തുപറമ്പ് എന്നിവ ഐക്യജനാധിപത്യ മുന്നണിക്കും ലഭിച്ചു. ഇടതു മുന്നണിക്ക് ലഭിച്ച മുഴുവന്‍ സീറ്റുകളിലും സി പി എം സ്ഥാനാര്‍ഥികളും, ഐക്യജനാധിപത്യ മുന്നണിക്കു ലഭിച്ച സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ്സും ഓരോന്നില്‍ വീതം മുസ്‌ലിം ലീഗും ജനതാദളുമാണ് വിജയിച്ചത്.
കേരള രാഷ്ട്രീയത്തില്‍ പേരെടുത്ത ഒട്ടേറെ വ്യക്തിത്വങ്ങള്‍ കണ്ണൂരിലെ നിയമ സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഇതില്‍ എത്രപേര്‍ ഒരിക്കല്‍ കൂടി മത്സര രംഗത്തുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രധാന ചര്‍ച്ചാവിഷയം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു, സി െഎ ടി യു നേതാവ് സി കൃഷ്ണന്‍, ഡി വൈ എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ടി വി രാജേഷ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന ഭാരവാഹി കെ എം ഷാജി, എ പി അബ്ദുല്ലക്കുട്ടി, മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്‍, അഡ്വ സണ്ണി ജോസഫ് എന്നിവരാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ പകുതിയോളം പേരെങ്കിലും ഇക്കുറി മത്സര രംഗത്തു നിന്നും മാറാനാണ് സാധ്യത.
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമേറ്റെടുത്ത കോടിയേരി ബാലകൃഷ്ണന്‍, മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പാണ്. അതുപോലെ സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവരും മത്സര രംഗത്തുണ്ടാവാനിടയില്ല. പകരം പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാവും.പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സി പി എമ്മിന് ജില്ലയില്‍ ഏറ്റവും കരുത്തുള്ള മണ്ഡലങ്ങളിലൊന്നായ പയ്യന്നൂരില്‍ നിന്ന് ഇത്തവണ മത്സരിച്ചേക്കുമെന്നാണ് സൂചന. പിണറായിയുടെ ജന്മ നാടുള്‍പ്പെടുന്ന മണ്ഡലമായ ധര്‍മ്മടത്ത് നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായിയിരുന്നതെങ്കിലും പയ്യന്നൂരാണ് കുറേക്കൂടി സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ധര്‍മ്മടത്ത് നിന്നും ലഭ്യമാകുന്നതില്‍ ഏത്രയോ ഇരട്ടി ഭൂരിപക്ഷം ഇവിടെ നിന്നും ലഭിക്കുമെന്നും പാര്‍ട്ടി ജില്ലാ ഘടകം വിലയിരുത്തുന്നു. എന്നാല്‍ ധര്‍മ്മടം, തലശ്ശേരി മണ്ഡലങ്ങളില്‍ പിണറായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇടതുമന്ത്രി സഭയാണ് വരുന്നതെങ്കില്‍ മറ്റൊരു മന്ത്രി സ്ഥാനത്തുണ്ടാകാന്‍ സാധ്യതയുള്ള ഇ പി ജയരാജന്‍ ഇക്കുറി മണ്ഡലം മാറി കല്യാശ്ശേരിയില്‍ നിന്നു മത്സരിക്കുമെന്നും സൂചനയുണ്ട്. കല്ല്യാശ്ശേരിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ടി വി രാജേഷിനെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടു പോയ അഴീക്കോട് തിരിച്ചുപിടിക്കുകയെന്നതായിരിക്കും ഇക്കുറി രാജേഷിന്റെ നിയോഗം.
അതേ സമയം, എം വി രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ സി എം പിക്ക് അഴീക്കോട് സീറ്റ് നല്‍കണമെന്ന ആവശ്യവും ഇടതുമുന്നണിക്ക് മുന്നിലെത്തിയിട്ടുണ്ട്. മട്ടന്നൂരില്‍ കെ കെ ശൈലജയേയും ധര്‍മ്മടത്ത് സി പി എം ജില്ലാസെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനെയും തലശ്ശേരിയില്‍ ഡി വൈ എഫ് ഐ നേതാവ് എ എന്‍ ഷംസീറിനെയും മത്സരിപ്പിക്കാനാണ് സാധ്യത. കണ്ണൂരില്‍ പൊതുസമ്മതനായ സ്വതന്ത്രനെ സി പി എം മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥി ഇവിടെ ആരായിരിക്കുമെന്നത് വ്യക്തമായ ശേഷമേ സ്ഥാനാര്‍ഥി നിര്‍ണ്ണയമുണ്ടാവുകയുള്ളു. തളിപ്പറമ്പില്‍ ജെയിംസ് മാത്യു തന്നെയായിരിക്കും സ്ഥാനാര്‍ഥി. കൂത്തുപറമ്പ്, ഇരിക്കൂര്‍ പേരാവൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും വൈകിയേയുണ്ടാവൂ. ഇതില്‍ രണ്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടു നല്‍കും. ഒരു സീറ്റില്‍ കടന്നപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഒരു സീറ്റ് സി പി ഐക്ക് നല്‍കും. എന്നാല്‍ സി പി ഐ ജയസാധ്യതയുള്ള അഴീക്കോടോ കണ്ണൂരോ വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
രണ്ടു തവണ എം പിയും രണ്ടു തവണ എം എല്‍ എയുമായ എ പി അബ്ദുല്ലക്കുട്ടി ഇത്തവണ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസിനകത്ത് ആവശ്യമുയര്‍ന്നിട്ടുണ്ട്.
യു ഡി എഫിന്റെ മറ്റൊരു കുത്തക മണ്ഡലമായ പേരാവൂരില്‍ ഇത്തവണയും സണ്ണി ജോസഫ് മത്സര രംഗത്തുണ്ടാകും. 31 വര്‍ഷം തുടര്‍ച്ചയായി ഇരിക്കൂറിനെ പ്രതിനിധീകരിക്കുന്ന കെ സി ജോസഫ് ഇത്തവണ മണ്ഡലം മാറി മറ്റു ജില്ലകളിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ എ വിഭാഗത്തില്‍പ്പെട്ട സതീശന്‍ പാച്ചേനിക്കോ മറ്റോ ഇരിക്കൂറില്‍ സീറ്റ് നല്‍കിയേക്കും. കെ എം ഷാജി ഇക്കുറിയും അഴീക്കോട്ട് നിന്ന് തന്നെ മത്സരിക്കും. ലീഗിനകത്ത് ഇക്കാര്യത്തില്‍ മറ്റൊരു എതിരഭിപ്രായമുയര്‍ന്നിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ ഇടതു മുന്നണിക്കു നഷ്ടമായത് രണ്ട് സീറ്റുകളാണ്. അഴീക്കോടും കൂത്തുപറമ്പും. രണ്ടും ഇടതു പക്ഷത്തിനു ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളുമാണ്. ഇവ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളാവും പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഇവര്‍ ആരംഭിക്കുക. എന്നാല്‍ ഇത് അത്ര എളുപ്പവുമല്ല. കാരണം രണ്ടു മണ്ഡലങ്ങളിലും ഇവിടെ നിന്നു വിജയിച്ചവര്‍ വ്യക്തമായ സ്വാധീനം ഉണ്ടാക്കിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഏത് നിയമസഭാ മണ്ഡലങ്ങളെക്കാളും വികസനം, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ഇവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തിച്ചു കഴിഞ്ഞുവെന്നാണ് യുഡി എഫ് വാദം. ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിക്ക് ജില്ലയില്‍ ഒരു മണ്ഡലത്തിലും നിര്‍ണായക ശക്തിയാവാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ചില സ്ഥാനാര്‍ഥികളുടെയെങ്കിലും ഭൂരിപക്ഷം കുറക്കാന്‍ ഇവര്‍ക്കു കഴിയും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി