Connect with us

Gulf

മികച്ച സേവനം നല്‍കുന്ന മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം ഹമദ്

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റിലെ മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. മികച്ച സേവനം നല്‍കുന്ന വിമാനത്താവളങ്ങള്‍ക്കുള്ള അവാര്‍ഡ് ആണ് അബുദബി വിമാനത്താവളത്തിനൊപ്പം ഹമദിന് ലഭിച്ചത്. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എ സി ഐ) ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച സേവനം നല്‍കുന്ന വിമാനത്താവളങ്ങളില്‍ ജോര്‍ദാന്റെ ക്വീന്‍ ആലിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ് ഒന്നാമത്. സഊദി അറേബ്യയുടെ കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ഇസ്‌റാഈലിലെ ബെന്‍ ഗുര്യോന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം 80 രാഷ്ട്രങ്ങളിലെ 300 വിമാനത്താവളങ്ങളില്‍ അഞ്ചര ലക്ഷം പേരിലാണ് എസ് എസ് ക്യു സര്‍വേ നടത്തിയത്.
യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്ന വിമാനത്താവളങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നത് വിമാനത്താവളങ്ങളുടെ പ്രധാന ശ്രദ്ധയായി മാറിയിട്ടുണ്ടെന്ന് എസി ഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ആഞ്ചെല ഗിറ്റന്‍സ് പറഞ്ഞു. ഡ്യൂട്ടി ഫ്രീ, വൃത്തിയും വെടിപ്പും ജീവനക്കാരുടെ ഔപചാരിക പെരുമാറ്റവും സുഖ സൗകര്യങ്ങളും കാര്യക്ഷമതയുമുള്ള റസ്റ്റോറന്റുകള്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത് വളരെ വലുതാണ്.
ഇപ്രാവശ്യത്തെ അവാര്‍ഡില്‍ വലുപ്പവും മേഖലയും തിരിച്ചുള്ള മികച്ച എയര്‍പോര്‍ട്ട് എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ പ്രസ്തുത രാജ്യത്ത് കുറഞ്ഞത് അഞ്ച് സിവിലയന്‍ വിമാനത്താവളങ്ങള്‍ വേണം. ഈ വിഭാഗത്തിലെ ഏഷ്യ- പസിഫിക് മേഖലയില്‍ ഇന്ത്യയില്‍ നിന്ന് മുംബൈ, ന്യൂഡല്‍ഹി വിമാനത്താവളങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ്. കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനത്താവളങ്ങളില്‍ ഏഷ്യയില്‍ നിന് മുംബൈക്ക് രണ്ടാം സ്ഥാനവും ന്യൂഡല്‍ഹിക്ക് മൂന്നാം സ്ഥാനവുമാണ്. പ്രതിവര്‍ഷം 20- 50 ലക്ഷം യാത്രക്കാരുള്ള വലുപ്പത്തില്‍ മികച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം ജയ്പൂരിനും രണ്ടാമത് ലക്‌നോയുമാണ്. 50 ലക്ഷം- 1.5 കോടി യാത്രക്കാരുള്ളവയില്‍ ഹൈദരാബാദിന് മൂന്നാം സ്ഥാനമുണ്ട്. 2.5- 4 കോടി യാത്രക്കാരില്‍ ആദ്യസ്ഥാനം മുംബൈക്കും രണ്ടാമത് ന്യൂഡല്‍ഹിക്കുമാണ്.

Latest