വീണ്ടും അവഗണന, നിരാശരായി പ്രവാസികള്‍

Posted on: March 2, 2016 6:41 pm | Last updated: March 2, 2016 at 6:41 pm

BUDGETഅജ്മാന്‍:കഴിഞ്ഞ 34 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അടുത്തിടെ യു എ ഇ സന്ദര്‍ശിച്ചിട്ടും ബജറ്റില്‍ അത് പ്രതിഫലിച്ചില്ലെന്നത് സങ്കടകരമായ കാര്യമാണെന്ന് പ്രവാസി സമൂഹം. പ്രവാസി ക്ഷേമത്തിനുതകുന്ന പദ്ധതികളൊന്നും തന്നെ കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലില്ല. പകരം പ്രവാസികളുടെ കാലങ്ങളായുള്ള പ്രശ്‌നങ്ങളിലൊന്നായ വിമാന യാത്രാനിരക്ക് കൂടുന്നതിലേക്കായി ചില നിര്‍ദേശങ്ങള്‍ മാത്രവും. അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് സംഭവിച്ചെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികളുടെ നിരക്ക് കുറയുന്നതിന് പകരം കൂടുകയാണ്. പ്രവാസികള്‍ക്ക് വേണ്ടി പേരിനെങ്കിലും ഉണ്ടായിരുന്ന വകുപ്പ് എടുത്തുകളഞ്ഞതിനു പിന്നാലെ ബജറ്റില്‍ അനുകൂലമായ ഒരു പരാമര്‍ശം പോലും ഇല്ലാത്തത് സാധാരണ പ്രവാസികളില്‍ നിരാശക്ക് കാരണമായി. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ എട്ട് ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്താനാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതോടെ യാത്രാകൂലി ഇനിയും കൂടും.
യു എ ഇയിലെത്തിയ നരേന്ദ്രമോദി മുസഫ്ഫയിലെ ഐകാഡ് ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ പരാതികേള്‍ക്കാനും ദുബൈയില്‍ പൊതുപരിപാടിയില്‍ ഇന്ത്യക്കാരെ അഭിമുഖീകരിച്ച് സംസാരിക്കാനും തയ്യാറായെങ്കിലും ബജറ്റില്‍ പ്രവാസികളെ കുറിച്ച് ഒരു പരാമര്‍ശവും നടന്നിട്ടില്ല. മൂന്ന് കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നതെന്നാണ് കണക്ക്. പ്രവാസികള്‍ പ്രതിവര്‍ഷം 7,500 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഏറെ സ്വാധീനിക്കുന്ന പൗരന്മാരായിട്ടും ബജറ്റില്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതെയാണ് മോദി സര്‍ക്കാറിന്റെ രണ്ടു ബജറ്റുകളും അവതരിപ്പിച്ചത്.
അടുത്തിടെ പ്രവാസി മന്ത്രാലയം തന്നെ അടച്ചുപൂട്ടിയതിലെ പ്രതിഷേധം പ്രവാസികളില്‍ തുടരുകയാണ്. എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ നയരൂപീകരണത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന തിരക്കിലാണ് പ്രവാസികളില്‍ പലരും. രാജ്യത്തിന് ഗുണകരമാകുംവിധത്തില്‍ വൈദഗ്ധ്യമുള്ള പ്രവാസി ഇന്ത്യക്കാരെ ഉള്‍പെടുത്തി പുതിയ പദ്ധതികള്‍ രൂപവത്ക്കരിക്കുമെന്ന് നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ബജറ്റില്‍ അതൊന്നും ഇടംപിടിച്ചിട്ടില്ല.
പ്രവാസികളായ ഇന്ത്യക്കാര്‍ വിദേശത്തുവെച്ച് മരണപ്പെട്ടാല്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കല്‍, സുരക്ഷിത നിക്ഷേപത്തിനുള്ള സൗകര്യം, മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഏര്‍പെടുത്തിയ സേവന നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും ബജറ്റില്‍ ശ്രദ്ധിക്കപ്പെട്ടതേയില്ല.
ഫെബ്രുവരി 12ന് അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് മാത്രമാണ് മലയാളികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. പ്രവാസികളുടെ പുനരധിവാസത്തിന് 12 കോടിയും നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടിയും ഈ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും പ്രവാസികള്‍ കൂടുതലുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലും പ്രവാസികള്‍ക്കായി സ്‌നേഹപദ്ധതി എന്ന പേരില്‍ പ്രത്യേക പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിലേക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നത് പ്രവാസികള്‍ക്ക് അല്‍പം ആശ്വസകരമാണ്.