പിഎഫ് നികുതി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

Posted on: March 2, 2016 3:30 pm | Last updated: March 3, 2016 at 8:53 am

arun jaitelyന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപം നടത്തുന്നത് പ്രോത്‌സാഹിപ്പിക്കാന്‍ വേണ്ടിയാണ് നികുതി ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇക്കാര്യം പുനപരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി രംഗത്തുവന്നത്.

സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പി.എഫ്. തുകയുടെ 60 ശതമാനം ആന്വിറ്റികളില്‍ നിക്ഷേപിച്ച് സ്ഥിരമായ പെന്‍ഷന്‍ ഉറപ്പാക്കാനാണ് ബജറ്റില്‍ പുതിയ നിര്‍ദേശം
കൊണ്ടുവന്നതെന്നാണ് വിശദീകരണം. 60 ശതമാനം തുകയും ആന്വിറ്റിയില്‍ നിക്ഷേപിക്കുമ്പോള്‍ അതിന് നികുതി ഈടാക്കില്ല. ആന്വിറ്റിയില്‍ നിക്ഷേപിക്കുന്ന വ്യക്തി മമരിച്ചാല്‍ അനന്തരാവകാശിക്ക് തുക ലഭിക്കുമ്പോള്‍ അതിന്മേലും നികുതിയുണ്ടാവില്ല.