അരയിപ്പുഴയെ കാക്കാന്‍ കണ്ടല്‍ചെടികള്‍

Posted on: March 2, 2016 5:54 am | Last updated: March 1, 2016 at 10:54 pm

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തില്‍ അരയി ഗവ. യു പി സ്‌കൂള്‍ എടുത്ത പ്രതിജ്ഞ വെറുതെയാവില്ല. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് നടത്തുന്ന കരകൃഷി പുഴയെ നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിച്ചു.
പ്രശസ്ത ജൈവ കൃഷി പ്രചാരകന്‍ കെബിയാര്‍ കണ്ണേട്ടന്റെ ക്ലാസ് സംഘടിപ്പിച്ചു. പുഴയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് ഗവേഷണ പഠനം നടത്തി. ഇപ്പോഴിതാ അരയിപ്പുഴയ്ക്ക് കാവലൊരുക്കാന്‍ ഇരുനൂറ് കണ്ടല്‍ചെടികളും നട്ടു.
തൈക്കടപ്പുറം കടിഞ്ഞി മൂലയിലെ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി വി ദിവാകരന്‍ തന്റെ കണ്ടല്‍ നഴ്‌സറിയില്‍ നട്ടുവളര്‍ത്തിയ ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍ചെടികളാണ് സ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ അരയി കോടാലി തുയിത്തുങ്കാലില്‍നട്ടത്. രണ്ടു വര്‍ഷം ശുദ്ധജലത്തില്‍ വളര്‍ത്തി വിജയകരമാണെന്നു കണ്ടെത്തിയ ഇരുന്നൂറോളംചെടികളാണ് കുട്ടികള്‍ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ വെച്ചു പിടിപ്പിച്ചത്.
സോഷ്യല്‍ ഫോറസ്ട്രി ഹൊസ്ദുര്‍ഗ് റെയിഞ്ച് ഓഫീസര്‍ പി വിനു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.