ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ഖത്വര്‍ ഫൗണ്ടേഷന്‍ സി ഇ ഒ

Posted on: March 1, 2016 9:37 pm | Last updated: March 1, 2016 at 9:37 pm
ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി
ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി

ദോഹ: ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയെ ഖത്വര്‍ ഫൗണ്ടേന്‍ ഫോര്‍ എജുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് തീരുമാനിച്ചു. നിലവിലെ വൈസ് ചെയര്‍പേഴ്‌സന്‍ ചുമതലയില്‍ തുടര്‍ന്നു കൊണ്ടാണ് ഖത്വര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ചുമതലയിലും ശൈഖ ഹിന്ദ് നിയോഗതയാകുന്നത്.
പുതിയ ചുമതലയിലൂടെ ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് സംഘത്തെ അവര്‍ നയിക്കും. ബജറ്റും നയാസൂത്രണങ്ങളും നടപ്പിലാക്കുകയും പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയാണ് സംഘത്തിന്റെ ഉത്തരവാദിത്തം. പ്രവര്‍ത്തനം മെച്ചപ്പടുത്തുകയും വിവിധ സ്ഥാപനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും സംഘത്തിന്റെ ചുമതലയാണ്. ഫൗണ്ടേഷന്റെ വിജയകരമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സുപ്രധാന ഘട്ടത്തിലാണെന്നും തുടര്‍ന്നുള്ള ഫൗണ്ടേഷന്റെ മുന്നേറ്റത്തിലും വെല്ലുവിളികളെ ഏറ്റെത്തുകൊണ്ടുള്ള പ്രവര്‍ത്തനത്തിലും പുതിയ സി ഇ ഒക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ശൈഖ മൗസ ബിന്‍ത് നാസര്‍ പറഞ്ഞു.
പുതിയ എക്‌സിക്യുട്ടീവ് ടീം ഈ മാസം മൂന്നിന് ചുമതലയേല്‍ക്കും. സംഘത്തില്‍ മുഹമ്മദ് അല്‍ സുവൈദി (പ്രസിഡന്റ്, ഖത്വര്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്), ഡോ. അഹ്മദ് എം ഹസ്‌ന (പ്രസിഡന്റ് ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി), ബുതൈന അല്‍ നുഐമി (പ്രസിഡന്റ്, പ്രീ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍, ഫഹദ് സഅദ് അല്‍ ഖതാനി (പ്രസിഡന്റ്, കമ്യൂണിറ്റി ഡവലപ്‌മെന്റ്, ശൈഖ് സല്‍മാന്‍ ഹസന്‍ അല്‍ താനി (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍), മയാന്‍ സബീബ് (ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍), മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ നഈമി (സി ഒ ഒ), മിഖായേല്‍ മിഷേല്‍ (ജന. കോണ്‍സല്‍), എന്‍ജി. ജാസിം തലീഫാത്ത് (എക്‌സി. ഡയറക്ടര്‍, കാപിറ്റല്‍ പ്രൊജക്ട്), ഉംറാന്‍ ഹമദ് അല്‍ കുവാരി (എക്‌സി. ഡയറക്ടര്‍, സി ഇ ഒ ഓഫീസ്) എന്നിവര്‍ ഉള്‍ക്കൊള്ളന്നു.
2013 മുതല്‍ ഖത്വര്‍ ഫൗണ്ടേഷന്‍ പ്രസിജന്റായി സേവനമനുഷ്ഠിച്ച എന്‍ജിനീയര്‍ സഅദ് ഇബ്രാഹിം അല്‍ മുഹന്നദിയെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ ആയുഷ്‌കാല മെമ്പറായി തിരഞ്ഞെടുത്തു.