രാജ്യസഭാസീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്

Posted on: March 1, 2016 7:14 pm | Last updated: March 1, 2016 at 7:14 pm

cpiതിരുവനന്തപുരം: രാജ്യസഭാ സീറ്റിന് സിപിഐ അവകാശവാദം ഉന്നയിച്ചതോടെ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ സീറ്റ് വിട്ടുനില്‍കാനാകില്ലെന്ന് സിപിഐഎമ്മും നിലപാട് കടുപ്പിച്ചതോടെ തര്‍ക്കമായി. തുടര്‍ന്ന് തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു. അടുത്ത എല്‍.ഡി.എഫ് യോഗം ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യും.

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് മൂന്നു സീറ്റുകളാണ് ഒഴിവുവന്നത്. സിപിഐഎമ്മില്‍ നിന്ന് കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരുടെയും കോണ്‍ഗ്രസില്‍ നിന്ന് എ.കെ ആന്റണിയുടേയും രാജ്യസഭാ കാലാവധിയാണ് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുന്നത്.

നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് യുഡിഎഫിന് രണ്ട് പേരെയും എല്‍ഡിഎഫിന് ഒരാളെയും ജയിപ്പിക്കാം. യു.ഡി.എഫില്‍ ഒരു സീറ്റ് ജെ.ഡി.യു അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിന് നല്‍കുമെന്ന്് മുഖ്യമന്ത്രി ഉമ്ന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ എ.കെ ആന്റണിയെ ആകും നിര്‍ദേശിക്കുക. മാര്‍ച്ച് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 21 നാണ് തിരഞ്ഞെടുപ്പ്.