സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കള്ളപ്പണം മാത്രമല്ല ഒഴുകുന്നത്, കള്ളമരുന്നുകളും

Posted on: February 29, 2016 10:03 am | Last updated: February 29, 2016 at 10:03 am
SHARE

MEDICINEജനീവ/ ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന അനധികൃത മരുന്നുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളതെന്ന് സ്വിസ് കസ്റ്റംസ് വകുപ്പ്. സ്വിസ് ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കണക്കുകള്‍ കൈമാറാന്‍ ധാരണയിലെത്തുകയും ചെയ്യുന്നതിനിടെയാണ് ഇന്ത്യയെ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍. 2015ല്‍ സ്വിസ അധികൃതര്‍ പിടികൂടിയ നിയമവിരുദ്ധ മരുന്നുകളില്‍ 42 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണ്. പിടികൂടിയ ഇത്തരം മരുന്നുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പിടിച്ചെടുക്കപ്പെട്ട മരുന്നുകളില്‍ 51 ശതമാനവും ഉത്തേജക ഔഷധങ്ങളാണെന്നും സ്വിസ് സര്‍ക്കാര്‍ ഏജന്‍സിയായ സ്വിസ്‌മെഡിക് പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള അനധികൃത മരുന്നുകളില്‍ 15 ശതമാനം ഉറക്ക മരുന്നുകളും മയങ്ങുന്നതിനുള്ള മരുന്നുകളുമാണ്. 13 ശതമാനം മെലിയുന്നതിനുള്ള മരുന്നുകളും ഒമ്പത് ശതമാനം ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം നല്‍കുന്ന പ്രധാനപ്പെട്ട മരുന്നുകളുടെ അനുകരണങ്ങളുമാണ്. മയക്കു ഗുളികളടക്കമുള്ള മറ്റുള്ളവ 12 ശതമാനം വരും.
2015 ല്‍ അനധികൃത മരുന്ന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് 1,134 കേസുകളാണ് സ്വിസ് കസ്റ്റംസ് വിഭാഗം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥിരമായി ഉപയോഗിക്കുക വഴി മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്ന ഈ മരുന്നുകളുടെ വരവ് നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങുകയാണ് സ്വിസ്‌മെഡിക്. അന്താരാഷ്ട്ര ഏജന്‍സികളുമായി കൈകോര്‍ത്തും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം പരിശോധനകള്‍ ഇന്ത്യന്‍ ഔഷധ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇത്തരം മരുന്നുകള്‍ എത്തുന്നത് 62 രാജ്യങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 42 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. തായ്‌ലാന്‍ഡ്, ചൈന, സിംഗപ്പൂര്‍, കംബോഡിയ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി മൊത്തം 24 ശതമാനം വരും.
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളായ യു കെ, ജര്‍മനി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്ന് 18 ശതമാനവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എട്ട് ശതമാനവും നിയമവിരുദ്ധ മരുന്നുകള്‍ എത്തുന്നുവെന്ന് സ്വിസ്‌മെഡിക് വൃത്തങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here