Connect with us

Sports

അമ്പയര്‍മാരുടെ ഇയര്‍ ഫോണ്‍ ഉപയോഗം; വിമര്‍ശവുമായി ധോണി

Published

|

Last Updated

ധാക്ക: അമ്പയര്‍മാര്‍ കളിക്കിടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ഫീല്‍ഡില്‍ ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഇയര്‍ഫോണ്‍ തടസ്സമാകുമെന്നാണ് ധോണിയുടെ അഭിപ്രായം. ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യാ- പാക് മത്സരത്തില്‍ പാക് താരം ഖുറം മന്‍സൂറിനെതിരായ അപ്പീല്‍ അമ്പയര്‍ അനുവദിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ധോണിയുടെ പ്രതികരണം. നെഹ്‌റയുടെ പന്തില്‍ ഖുറം മന്‍സൂറിന്റെ ഗ്ലൗസില്‍ ഉരുമ്മിയ പന്തില്‍ ധോണി ക്യാച്ചെടുത്തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചിരുന്നില്ല. പന്ത് ഗ്ലൗസില്‍ ഉരസിയിരുന്നെന്നും അതിന്റെ ശബ്ദം അമ്പയര്‍ കേള്‍ക്കാഞ്ഞതാണ് ഔട്ട് അനുവദിക്കാത്തിന് കാരണമെന്നും ധോണി വ്യക്തമാക്കി.
വാക്കി ടോക്കിയും ഇയര്‍ ഫോണും ഉപയോഗിച്ചാണ് അമ്പയര്‍മാര്‍ കളി നിയന്ത്രിക്കുന്നത്. ഇതുകാരണം ഗ്യാലറിയില്‍ നിന്നുള്ള ആരവങ്ങള്‍ക്കിടെ പല എഡ്ജുകളും കേള്‍ക്കാതെ പോകുന്നു. യഥാര്‍ഥത്തില്‍ ഒരു ചെവികൊണ്ട് മാത്രമാണ് അവര്‍ കേള്‍ക്കുന്നത്. അമ്പയറുടെ കേള്‍വിയെ തടസ്സപ്പെടുത്തുമെന്നതിനാല്‍ എല്ലായ്‌പ്പോഴും ഇയര്‍ ഫോണ്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും ധോണി അഭിപ്രായപ്പട്ടു.
ഇന്ത്യ- പാക് മത്സരം നടന്ന ഷേര്‍ ഇം ബംഗ്ലാ സ്റ്റേഡിയത്തിലെ പിച്ച് അടിച്ചുകളിക്കാന്‍ പറ്റിയതായിരുന്നില്ലെന്നും ധോണി പറഞ്ഞു. ഏഷ്യാകപ്പില്‍ പിച്ച് ബൗളര്‍മാരെ സഹായിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഒരു കളിയില്‍ നമ്മള്‍ 170 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തു. അത് ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിലൂടെയാണ്. എന്നാല്‍ മറ്റ് മത്സരങ്ങള്‍ കുറഞ്ഞ റണ്‍സാണ് പിറന്നത്. കുറഞ്ഞ റണ്‍സ് പിറക്കുന്ന പിച്ചുകള്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Latest