അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി; കോഹ്‌ലിക്ക് പിഴ

Posted on: February 29, 2016 9:57 am | Last updated: February 29, 2016 at 9:57 am

virat kohliന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരായ ഏഷ്യാക്കപ്പ് ട്വന്റി 20 മത്സരത്തിനിടെ അമ്പയറുടെ പുറത്താക്കല്‍ തീരുമാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. മാച്ച് ഫീസിന്റെ 30 ശതമാനമാണ് മാച്ച് റഫറി ജെഫ് ക്രോ പിഴയിട്ടത്.
ഐ സി സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശിക്ഷാ നടപടി. ഇന്ത്യ വിജയത്തിലേക്ക് നീങ്ങവേ 15ാം ഓവറിലാണ് നടപടിക്കാധാരമായ സംഭവമുണ്ടായത്. 49 റണ്‍സെടുത്ത് നില്‍ക്കെ മുഹമ്മദ് ഷമിയുടെ പന്തില്‍ കോഹ്‌ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അമ്പയര്‍ വിരലുയര്‍ത്തുകയായിരുന്നു. പുറത്താകലിനെതിരെ ഇരുവശത്തേക്ക് കൈകള്‍ നീട്ടിയും അമ്പയര്‍ക്കെതിരെ എന്തൊക്കെയോ പറഞ്ഞുമാണ് കോഹ്‌ലി കളം വിട്ടത്. അമ്പയറുടെ തീരുമാനം തെറ്റാണെന്ന് ടി വി റീപ്ലേയില്‍ തെളിഞ്ഞിരുന്നു. കോഹ്‌ലിയുടെ പ്രവൃത്തി കളിയുടെ മാന്യതക്ക് നിരക്കുന്ന സമീപനമല്ലെന്നും കുറ്റം സമ്മതിച്ചതിനാല്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കേണ്ട കാര്യമില്ലെന്നും ഐ സി സി അറിയിച്ചു. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയം കണ്ടിരുന്നു. ടീം തകര്‍ച്ചയെ നേരിട്ട ഘട്ടത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി.