അങ്കത്തിനൊരുങ്ങി കേരളം

Posted on: February 29, 2016 4:52 am | Last updated: February 28, 2016 at 11:54 pm
SHARE

voteതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പെ കേരളത്തില്‍ അങ്കത്തട്ടൊരുങ്ങി. സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ തര്‍ക്കവും. ഇരുമുന്നണികളെയും ആര് നയിക്കുമെന്നതില്‍ പോലും ഇനിയും വ്യക്തതയില്ല. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന യു ഡി എഫും തിരിച്ചുവരവ് ഉറപ്പിക്കുന്ന എല്‍ ഡി എഫും അണിയറയില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. നാടുനീളെ ഉദ്ഘാടനങ്ങള്‍ നടത്തുന്ന തിരക്കിലാണ് യു ഡി എഫ്. എല്‍ ഡി എഫ് ആകട്ടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി അഴിമതി ആരോപണങ്ങളില്‍ കേന്ദ്രീകരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ന് കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞാല്‍ ഏത് നിമിഷവും പ്രതീക്ഷിക്കാം. അഞ്ചാം തീയതിക്കകം പ്രഖ്യാപനം വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണ്. വിഷു കഴിഞ്ഞാലുടന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് വിവരം. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രിസഭായോഗമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഓടിനടന്ന് ഉദ്ഘാടനം നടത്തുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന ആക്ഷേപം ഒരു വശത്ത് ഉയരുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കുന്നില്ല. ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. സര്‍ക്കാറിന്റെ ഓരോ നീക്കവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ചെന്നെത്തുന്നത്.
സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ എല്ലാവരും നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. ഔപചാരിക ചര്‍ച്ചകള്‍ക്ക് മുമ്പേ തര്‍ക്കം എന്നതാണ് ഇരുമുന്നണികളിലെയും ബി ജെ പിയുടെയും സ്ഥിതി.
ഇരുമുന്നണികളെയും ആര് നയിക്കുമെന്ന അനിശ്ചിതത്വം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ തുടരുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കോണ്‍ഗ്രസില്‍ നയിക്കാന്‍ മൂന്ന് പേര്‍ ഇറങ്ങുകയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്ഥാനാര്‍ഥികളാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കൂടി ഈ ഗണത്തിലേക്ക് വരുന്നതോടെ യു ഡി എഫിന്റെ നായക പദവിയിലെ അംഗസംഖ്യയും കൂടുന്നു. സി പി എമ്മിലെ സ്ഥിതിയും വിഭിന്നമല്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പി ബി അംഗം പിണറായി വിജയനും ഒരുമിച്ച് നയിക്കുന്നതിലേക്കാണ് എല്‍ ഡി എഫിലെ ചര്‍ച്ചകളുടെ ഗതി. കേന്ദ്രനേതൃത്വത്തിലെ ചര്‍ച്ചകളില്‍ ധാരണയില്ലാതെ വന്നതോടെ ഇക്കാര്യം തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു.
പതിവ് പോലെ സീറ്റിനെ ചൊല്ലിയുള്ള ഭിന്നത തുടങ്ങിയിരിക്കുന്നത് യു ഡി എഫിലാണ്. കേരളാ കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴിതേടുന്നു. കോണ്‍ഗ്രസിലും ചെറുകക്ഷികളിലും സ്ഥാനാര്‍ഥിമോഹികളുടെ കൂട്ടയിടിയാണ്. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളായി ആരും വരേണ്ടെന്ന് എ ഐ സി സിക്ക് തന്നെ നിലപാടെടുക്കേണ്ടി വന്നു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങാത്തതിനാല്‍ എല്‍ ഡി എഫിലെ ഭിന്നതകള്‍ പുറത്തേക്ക് വന്നിട്ടില്ല. സി പി എമ്മിന്റെ പതിവ് സീറ്റ് പിടിച്ചെടുക്കല്‍ ശ്രമം ഉണ്ടായാല്‍ പൊട്ടിത്തെറി അവിടെയും ഉറപ്പ്. ആര്‍ എസ് പിയും ജനതാദള്‍ യു വുമെല്ലാം മുന്നണി മാറിയ അനുഭവമുള്ളതിനാല്‍ ഇക്കുറി ആരെയും പിണക്കാന്‍ സി പി എം മുതിരില്ല. അപ്പോഴും ആര്‍ ബാലകൃഷ്ണ പിള്ളയെയും പി സി ജോര്‍ജിനെയുമെല്ലാം എന്ത് ചെയ്യുമെന്നത് മുന്നണിക്ക് തലവേദനയായി നില്‍ക്കുന്നു. പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ജോര്‍ജ്. എല്‍ ഡി എഫ് പറയുന്നിടത്ത് മത്സരിക്കാമെന്ന് ഉറപ്പിച്ച് പിള്ളയും. എന്‍ സി പി പോലുള്ള ചെറുകക്ഷികളില്‍ ‘മന്ത്രി’ ആരെന്ന് വരെയുള്ള ചര്‍ച്ചകള്‍ തുടങ്ങി. സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച് സി പി എമ്മിലും മുതിര്‍ന്ന നേതാക്കള്‍ വരെ രംഗത്തുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം മത്സരിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ ജില്ലാ സെക്രട്ടറിമാരില്‍ പലരും അവസരം പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.
അക്കൗണ്ട് തുറക്കുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തി ഇറങ്ങിയ ബി ജെ പിയിലും തര്‍ക്കത്തിന് ഒരു കുറവുമില്ല. ആര്‍ എസ് എസ് പലതവണ ഇടപെട്ടെങ്കിലും നേതാക്കളെല്ലാം ഇനിയും ഒരു ട്രാക്കിലായിട്ടില്ല. പാര്‍ട്ടി വിട്ട മുതിര്‍ന്നവരില്‍ ചിലരെ തിരികെയെത്തിച്ച് സ്ഥാനാര്‍ഥികളാക്കാനുള്ള നീക്കമാണ് ഭിന്നതയുടെ അടിസ്ഥാനം. ജയസാധ്യതയുള്ള സീറ്റുകള്‍ നേതാക്കള്‍ പങ്കിട്ടെടുത്തതും അസ്വസ്ഥതയുണ്ടാക്കുന്നു.
മാര്‍ച്ച് ഒന്ന് മുതലാണ് എല്ലായിടത്തും ഔപചാരിക ചര്‍ച്ചകള്‍ തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here