ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പഠിച്ച കോളജില്‍ നിന്ന് ലെറ്റര്‍ നിര്‍ബന്ധം

Posted on: February 28, 2016 7:48 pm | Last updated: February 28, 2016 at 7:48 pm

ദോഹ: രാജ്യത്ത് തൊഴില്‍ വിസ ആവശ്യാര്‍ഥം സമര്‍പ്പിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് പഠിച്ച കോളജുകളില്‍നിന്നുള്ള ബാനഫൈഡ് ലെറ്റര്‍ നിര്‍ബന്ധമാക്കി. ഇന്ത്യയിലെ അറ്റസ്റ്റേഷന്‍ അതോറിറ്റികള്‍ സാക്ഷ്യപ്പെടുത്തിയ ഈ ലെറ്റര്‍ കൂടിയുണ്ടെങ്കിലേ ഖത്വര്‍ വിദേശകാര്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കൂ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് നിയമം നടപ്പിലാക്കിയത്.
റഗുലറായി പഠിച്ച് ബിരുദം നേടിയവര്‍ക്കു മാത്രമേ ഇപ്പോള്‍ ഖത്വര്‍ അംഗീകാരം നല്‍കുന്നുള്ളൂ. ഓപ്പണ്‍, ഡിസ്റ്റന്റ് സ്‌കീമുകള്‍ വഴി ബിരുദം നേടിയവരെ മന്ത്രാലയം അംഗീകരിക്കുന്നില്ല. സാധാരണഗതിയില്‍ ഡിസ്റ്റന്റ്, ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ അവ പ്രത്യേകം രേഖപ്പെടുത്താത്തതിനാല്‍ അതു തിരിച്ചറിയാനാണ് പഠിച്ച കോളജുകളുടെ സാക്ഷ്യപത്രം ആവശ്യപ്പെടുന്നത്. പഠിച്ച കോളജിന്റെ ലറ്റര്‍ ഹെഡില്‍ റോള്‍ നമ്പരും യൂനിവേഴ്‌സിറ്റിയും മറ്റു വിവരങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥിയുടെ സ്വഭാവവ വിവരം കൂടി ചേര്‍ത്താണ് ലറ്റര്‍ തയാറാക്കേണ്ടത്. സ്വഭാവം ഗുഡ് രേഖപ്പെടുത്താത്തവര്‍ക്കും അറ്റസ്റ്റേഷന്‍ പ്രശ്‌നമാകും.
കോളജുകളില്‍നിന്നു ലഭിക്കുന്ന ഈ ലറ്ററാണ് റഗുലറായി പഠിച്ചു നേടിയ സര്‍ട്ടിഫിക്കറ്റുകളാണെന്നു മനസ്സിലാക്കാന്‍ അധികൃതര്‍ ആശ്രയിക്കുന്നത്. ഈ ലറ്റര്‍ യഥാര്‍ഥമാണെന്ന ബോധ്യത്തിനാണ് പിറകില്‍ ഇന്ത്യന്‍ അറ്റസ്റ്റേഷന്‍ അധികൃതരുടെ സാക്ഷ്യപ്പെടുത്തല്‍ കൂടി വേണമെന്ന് പറയുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്നത് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയതെന്നും ഫുള്‍ടൈം കോഴ്‌സു വഴി നേടിയതല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയം അംഗീകരിക്കുന്നില്ലെന്നും ഖത്വറിലെ അംഗീകൃത അറ്റസ്റ്റേഷന്‍ സ്ഥാപനമായ ജീനിയസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് അസ്‌ലം പറഞ്ഞു.
അതേസസമയം, ഡിസ്റ്റന്റ്, ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ബിരുദങ്ങള്‍ അംഗീകരിക്കാത്തത് നിരവധി ഉദ്യോഗാര്‍ഥികളെ കുഴക്കുന്നു. റുഗുലര്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ജോലിയോടൊപ്പം പഠനം എന്ന രീതിയിലും ബിരുദം പൂര്‍ത്തിയാക്കിയവര്‍ ഈ നിയമത്തോടെ വെട്ടിലായിരിക്കുകയാണ്. ഗള്‍ഫില്‍ വന്നതിനു ശേഷം ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്നും ബിരുദം നേടിയ പ്രവാസികള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ജോലിയും വിസയും ലഭിക്കുന്നതിന് നിയമം തടസ്സം സൃഷ്ടിക്കും. ഗള്‍ഫില്‍ സഊദിയും ഖത്വറുമാണ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പഠനം നിരാകരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഈ പ്രശ്‌നമില്ല. സഊദിയില്‍ നിയമം നേരത്തേയുണ്ട്. ഇന്ത്യയിലെ ചില യൂനിവേഴ്‌സിറ്റികളെ കരിമ്പട്ടികയില്‍പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റും അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. ഖത്വറില്‍ ഈയടുത്താണ് നിയമം കര്‍ശനമാക്കിയത്.