Connect with us

Kozhikode

ബഹിരാകാശ നേട്ടങ്ങളെ അടുത്തറിയാന്‍ ഐ ഐ എമ്മില്‍ ഇന്ത്യന്‍ സ്‌പേസ് ഗാലറി

Published

|

Last Updated

കോഴിക്കോട്: ബഹിരാകാശ നേട്ടങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കി കോഴിക്കോട് ഐ ഐ എമ്മില്‍ ഇന്ത്യന്‍ സ്‌പേസ് ഗാലറി തുറന്നു. വിക്രം സാരാഭായ് സ്‌പേസ് സെന്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടും സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്. 1962 മുതല്‍ ഇന്നലെവരെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയിലുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയത്തക്ക വിധമാണ്് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്.

പി എസ് എല്‍ വി, ജി എസ് എല്‍ വി, ഇന്‍സാറ്റ്, ഐ ആര്‍ എസ് തുടങ്ങിയവയുടെ മാതൃകകളും ഉപഗ്രഹങ്ങളും റോക്കറ്റുകളുമെല്ലാം നിര്‍മിക്കുന്നതിന്റെയും കൂട്ടിച്ചേര്‍ക്കുന്നതിന്റെയും വിക്ഷേപിക്കുന്നതിന്റെയും സചിത്ര വിവരണങ്ങളും സ്‌പേസ് ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. 2014ല്‍ നടത്തിയ ചൊവ്വ പര്യവേഷണ യാത്രയുടെ വിവരണങ്ങള്‍, മംഗള്‍യാന്‍ മാതൃക, 2030ല്‍ നടത്താനുദ്ദേശിക്കുന്ന ബഹിരാകാശ യാത്രയെക്കുറിച്ചുള്ള ചിത്രം നല്‍കുന്ന സ്‌പേസ് ട്രാന്‍സ്‌പോട്ടേഷന്‍, എ ടി എം കൗണ്ടറിലെ ടച്ച് സ്‌ക്രീനില്‍ വിരലൊന്നമര്‍ത്തിയാല്‍ പണവും ബേങ്ക് ബാലന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്ന ഉപഗ്രഹം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയും വിദ്യാഭ്യാസ മേഖലയില്‍ സാറ്റലൈറ്റ് സംവിധാനം വരുത്തിയ മാറ്റങ്ങളും വി എസ് എസ് സി സമൂഹ നന്മക്കു വേണ്ടി ഒരുക്കിയിട്ടുള്ള വിവിധ പ്രവര്‍ത്തനപദ്ധതികള്‍ എന്നിവയുള്‍പ്പെടെ ബഹിരാകാശ രംഗത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങളുമായി പ്രത്യേക തിയേറ്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ആയിരം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണത്തിലാണ് പവലിയന്‍. വി എസ് എസ് സിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച പവലിയനിലേക്കുള്ള പ്രവേശം സൗജന്യമായിരിക്കും. ഇന്ത്യന്‍ ബിസിനസ് മ്യൂസിയത്തിന്റെയും ഇന്ത്യന്‍ സ്‌പേസ് ഗാലറിയുടെയും ഉദ്ഘാടനം വി എസ് എസ്് സി ഡയറക്ട ഡോ. കെ ശിവനും ഐ ഐ എം കെ ഡയറക്ടര്‍ പ്രൊഫ. കുല്‍ഭൂഷണ്‍ ബലൂണിയും സംയുക്തമായി നിര്‍വഹിച്ചു. ശേഷം പ്രദേശത്തെ വിവിധ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുമായി ഡോ. ശിവന്‍ സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഡോ. അറവമുതന്‍, പ്രൊഫ. കെയൂര്‍ പുരാനി, ഡോ. എം ജി ശ്രീകുമാര്‍, വി എസ്് എസ് സി ഗ്രൂപ്പ് ഹെഡ് എസ് ആര്‍ വിജയമോഹനകുമാര്‍ സംസാരിച്ചു.

Latest