തേങ്ങയുടെ വില അനുദിനം കുറയുന്നു; കര്‍ഷകര്‍ ആശങ്കയില്‍

Posted on: February 15, 2016 1:01 pm | Last updated: February 15, 2016 at 1:01 pm
SHARE

COCUNUTകൊടുവള്ളി:തേങ്ങയുടെ വില അനുദിനം കുറഞ്ഞു വരുന്നത് കര്‍ഷക കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 2728 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 15 മുതല്‍ 16 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. കിലോക്ക് 17.50 രൂപയുള്ള സമയത്താണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ 400 രൂപ താങ്ങുവില ഉയര്‍ത്തിയതായി പ്രഖ്യാപ നം നടത്തിയത്.വില ഉയരുമെന്ന പ്രതിക്ഷയില്‍ കഴിഞ്ഞ കര്‍ഷകരെ നിരാശയിലാക്കുകയായിരുന്നു.
നിത്യോപയോഗ വസ്തുക്കളുടെയും പഴം, പച്ചക്കറി, മത്സ്യം ,മാംസം; തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ വില അനുദിനം കുതിച്ചുയരുമ്പോള്‍ കേരളീയന്റെ പ്രധാന വരുമാന മാര്‍ഗമായ നാളീകേരത്തിന്റെ വില താഴോട്ട് പോവുന്നത് കര്‍ഷക കുടുംബങ്ങളുടെ ജീവിതം താളം തെറ്റിക്കുകയാണ്.
തേങ്ങ പറി (വലി)ക്കുന്നതിന് തെങ്ങൊന്നിന് 25 രൂപ കൂലിയായി തൊഴിലാളിക്ക് നല്‍കണം. മാത്രമല്ല തേങ്ങ പൊളിച്ച് കടയിലെത്തിക്കുന്നതിന് നൂറെണ്ണത്തിന് 90- 100 രൂപ നിരക്കില്‍ കൂലിയും നല്‍കണം, മെച്ചപ്പെട്ട നാളികേരമാണെങ്കില്‍ 100 എണ്ണം തൂക്കിയാല്‍ 40 കിലോ ലഭിക്കും. തെങ്ങുകളെ ബാധിക്കുന്ന മണ്ഡരിയോ മറ്റ് രോഗങ്ങളോ ബാധിച്ചതാണെങ്കില്‍ തൂക്കം കുറയുകയും ചെയ്യും. ഇപ്പോള്‍ ലഭിക്കുന്ന 16 രൂപ നിരക്ക് നോക്കിയാല്‍ ഒരു തേങ്ങക്ക് 6, 7 രൂപയാണ് ലഭിക്കുക. ചിലവുകള്‍ കിഴിച്ചാല്‍ 3′, 4, രൂപ മാത്രമാണ് ബാക്കി വരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ‘ഇതു മൂലം കൃഷിപ്പണികള്‍ നടത്താനോ വളപ്രയോഗങ്ങള്‍ക്കോ സാധിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
സഹകരണ ബേങ്കുകള്‍ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നാളികേരം സംഭരിക്കുന്നതായുള്ള പ്രഖ്യാപനത്തിന്റെ ഗുണഫലവും ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ചുരുങ്ങിയത് സ്വന്തം പേരില്‍ 80 സെന്റെങ്കിലും ഭൂമിയും അതിന്റെ നികുതിയടച്ച രസീതും ഉണ്ടെങ്കിലെ ബേങ്കില്‍ തേങ്ങ വാങ്ങുന്നുള്ളുവെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. അത് തന്നെ ചുരുങ്ങിയത് ആയിരത്തി ഇരുനൂറ് നാളികേരമെങ്കിലും വേണം. അതേസമയം ബേങ്കില്‍ കൊടുക്കുന്ന തേങ്ങക്ക് തൂക്കം കണക്കാക്കി പണം നല്‍കാതെ രണ്ട് മാസത്തിനിട കണക്കാക്കി ശീട്ട് നല്‍കി വിടുകയുമാണ് ചെയ്തു വരുന്നതെന്നും കര്‍ഷകര്‍ പരിതപിക്കുന്നു. പണം ലഭിക്കണമെങ്കില്‍ നിരവധി തവണ ബേങ്കില്‍ കയറിയിറങ്ങേണ്ട അവസ്ഥയായതിനാല്‍ തേങ്ങ ബേങ്കില്‍ കൊടുക്കാന്‍ മടിക്കുന്ന അവസ്ഥയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
നിലനില്‍പ്പ് ഭീക്ഷണിയിലായി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന കേരകര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാരും കൃഷി വകുപ്പും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടു വരണ മെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here