പുതിയ പാര്‍ട്ടിയുമായി പി സി ജോര്‍ജും അങ്കത്തിന്

Posted on: February 15, 2016 9:38 am | Last updated: February 15, 2016 at 9:38 am
SHARE

p c georgeകോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു. കേരള സെക്യുലര്‍ പാര്‍ട്ടി എന്ന നാമധേയത്തിലാണ് പുതിയ പാര്‍ട്ടി പിറവിയെടുക്കുക. ഈ മാസം അവസാനത്തോടെ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനും മുന്‍ നിയമസഭാ സ്പീക്കറുമായ ടി എസ് ജോണുമായി തെറ്റിപ്പിരിഞ്ഞതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും നിയമപരമായി ജോണ്‍ സ്വന്തമാക്കിയതാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ജോര്‍ജിനെ നിര്‍ബന്ധിതനാക്കിയത്.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുടെ അവകാശം ഇരുനേതാക്കളും പരസ്പരം ഉന്നയിക്കുകയും പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ടി എസ് ജോണും, ജോണിനെ പുറത്താക്കി ജോര്‍ജും രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ നിയമവൃത്തങ്ങളില്‍ നിന്നും ലഭിച്ച ഉപദേശത്തെ തുടര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടി എന്ന ആവശ്യത്തിലേക്ക് ജോര്‍ജ് എത്തിയതായാണ് സൂചന.
പൂഞ്ഞാറില്‍ മത്സരത്തിനിറങ്ങുമ്പോള്‍ സ്വന്തം പേരില്‍ പാര്‍ട്ടിയും ചിഹ്നവും ഇല്ലാത്തത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തോതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് ഗുണകരമായേക്കുമെന്ന വിലയിരുത്തലും പുതിയ പാര്‍ട്ടിയുടെ പിറവിക്ക് ജോര്‍ജിനെ പ്രേരിപ്പിക്കുന്നു. സ്വന്തം പേരിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയും ചിഹ്നവും ജോര്‍ജിന്റെ എക്കാലത്തെയും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ടി എസ് ജോണ്‍ നിയമപരമായി കൈവശമാക്കിയതാണ് ജോര്‍ജിന് തിരിച്ചടിയായത്.
കെ എം മാണിയുടെ കേരള കോണ്‍ഗ്രസുമായി കലഹിച്ച് പുറത്തുപോയതോടെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ പ്രത്യേക ക്ഷണിതാവ് എന്ന പേരിലായിരുന്നു ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെ എല്‍ ഡി എഫില്‍ ഘടകക്ഷിയാകാനുള്ള ജോര്‍ജിന്റെയും അനുയായികളുടെയും നീക്കങ്ങള്‍ ഫലം കാണാതായതോടെയാണ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ഛിച്ചത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ടി എസ് ജോണ്‍ സ്വന്തമാക്കിയതോടെ പാര്‍ട്ടി ചിഹ്നത്തില്‍ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച അംഗങ്ങളുടെ നിലനില്‍പ്പ് ആര്‍ക്കൊപ്പമാകുമെന്നതും പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചേക്കും. ഇതിനിടെ പൂഞ്ഞാറില്‍ ഇടതുമുന്നണി പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് ജോര്‍ജ് സൂചിപ്പിച്ചു.