Connect with us

National

തമഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനപ്രിയ പദ്ധതികളുമായി മുന്നേറുന്ന ജയലളിതയുടെ എ ഐ എ ഡി എം കെയെ നേരിടാന്‍ പഴയ സഖ്യം പൊടിതട്ടിയെടുത്ത് കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ഡി എം കെയും. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് മുറിഞ്ഞ ബന്ധം പുനഃസ്ഥാപിച്ച് തിരഞ്ഞെടുപ്പിനെ സഖ്യംചേര്‍ന്ന് നേരിടാന്‍ കോണ്‍ഗ്രസും ഡി എം കെയും തീരുമാനിച്ചു.
എഐ സി സി പ്രതിനിധിയായി ചെന്നെയിലെത്തിയ പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദും ഡി എം കെ നേതാവ് എം കരുണാനിധിയും നടത്തിയ ചര്‍ച്ചയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ ധാരണയിലെത്തിയത്. ഡി എം കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവരികയാണ് പൊതു ലക്ഷ്യമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗുലാം നബി ആസാദ് പറഞ്ഞു. ചെന്നൈയില്‍ കരുണാനിധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഖ്യത്തിലേക്ക് മറ്റേതെങ്കിലും പാര്‍ട്ടിയെ കൊണ്ടു വരണോ വേണ്ടയോ എന്ന് ഡി എം കെ തീരുമാനിക്കുമെന്ന് ആസാദ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാര്‍ വരുമോയെന്ന ചോദ്യത്തിന് അത്തരം “ചെറിയ” കാര്യങ്ങള്‍ പ്രസക്തമല്ലെന്നായിരുന്നു ആസാദിന്റെ മറുപടി. ഡി എം കെ ഏറ്റവും വിശ്വസിക്കാവുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവനും തമിഴ്‌നാടിന്റെ ചുമതയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കരുണാനിധിയുടെ മക്കളായ സ്റ്റാലിന്‍, കനിമൊഴി എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായി. കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഡി എം ഡി കെയുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.