Connect with us

Gulf

അഭിമാനം പകരുന്ന ആലിംഗനങ്ങള്‍

Published

|

Last Updated

ഇന്ത്യയില്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്ത്, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ “ഗാര്‍ഡ് ഓഫ് ഓണര്‍” സ്വീകരിച്ചപ്പോള്‍ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. 1975ല്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന് ഇതേ പോലെ ഇതേ സ്ഥലത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ശൈഖ് മുഹമ്മദ്, ചുകപ്പു പരവതാനിയിലൂടെ നടന്നുപോകുന്നത് കണ്ട്, യു എ ഇയിലെ ഇന്ത്യക്കാരുടെയടക്കം കോടിക്കണക്കിനാളുകളുടെ ഉള്ളം കുളിര്‍ത്തു. ഇന്ത്യ-യു എ ഇ ബന്ധം എക്കാലവും രത്‌നം പോലെ ഉറപ്പുള്ളതും തിളക്കം നശിക്കാത്തതുമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി. കരാറുകള്‍ ഒപ്പുവെക്കുന്നതിനപ്പുറത്തുള്ള ഹൃദയൈക്യമാണത്. ഇനിയും തലമുറകളോളം അത് പടരുകയും ചെയ്യും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഊഷ്മള സ്വീകരണമാണ് ശൈഖ് മുഹമ്മദിനും സംഘത്തിനും നല്‍കിയത്. പ്രോട്ടോകോള്‍ മാറ്റിവെച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി, നേരിട്ട് സ്വീകരിക്കാന്‍ എത്തി. നരേന്ദ്രമോദിയും ശൈഖ് മുഹമ്മദും പരസ്പരം പുണര്‍ന്നപ്പോള്‍, മഹത്തായ രണ്ട് സംസ്‌കാരങ്ങളുടെ ലയന സൗന്ദര്യമാണ് ലോകം കണ്ടത്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി അബുദാബിയിലെത്തിയപ്പോള്‍ ശൈഖ് മുഹമ്മദ് സമാന വരവേല്‍പ് നല്‍കിയിരുന്നു.
രാഷ്ട്രപതി ഒട്ടും കുറച്ചില്ല. ദീര്‍ഘകാലം ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായിരുന്ന വേണു രാജാമണി ഇപ്പോള്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയാണ്. അത് കൊണ്ടുതന്നെ കൗതുകകരമായ കാഴ്ചകള്‍ക്ക് രാഷ്ട്രപതി ഭവനും വേദിയായി. 1975ല്‍ ശൈഖ് സായിദ് ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍, ധനകാര്യ, ബേങ്കിംഗ് സഹമന്ത്രി ആയിരുന്ന താന്‍ ചര്‍ച്ച നടത്തുന്ന ചിത്രം ശൈഖ് സായിദിന് രാഷ്ട്രപതി നല്‍കി. വേണു രാജാമണിയുടെ, ഇന്ത്യ ആന്‍ഡ് ദി യു എ ഇഃ ഇന്‍ സെലിബ്രേഷന്‍ ഓഫ് എ ലെജന്‍ഡറി ഫ്രണ്ട്ഷിപ്പ് എന്ന പുസ്തകത്തിലുള്ളതാണ് ആ ചിത്രം. പുസ്തകവും ശൈഖ് മുഹമ്മദിന് നല്‍കി. അവിസ്മരണീയമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനവേളയില്‍ ധാരാളമായിരുന്നു.
നരേന്ദ്രമോദിയുടെയും ശൈഖ് മുഹമ്മദിന്റെയും സാന്നിധ്യത്തില്‍ ഒന്നിനുപുറകെ ഒന്നായി കരാറുകള്‍ ഒപ്പുവെക്കുന്നതും മന്ത്രിമാര്‍ നിറഞ്ഞ മനസോടെ ഹസ്തദാനം ചെയ്യുന്നതും സവിശേഷ കാഴ്ചയായി. സൈബര്‍ സുരക്ഷ, പശ്ചാത്തല സൗകര്യ നിക്ഷേപം, പുനരുല്‍പാദക ഊര്‍ജം, ബഹിരാകാശ ഗവേഷണം, ഇന്‍ഷ്വറന്‍സ്, സംസ്‌കാരം, തൊഴില്‍ വൈദഗ്ധ്യ പരിശീലനം എന്നിങ്ങനെ കരാറുകളുടെ കുത്തൊഴുക്കാണ് സംഭവിച്ചത്. ഇന്ത്യന്‍ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും യു എ ഇ വാണിജ്യമന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരിയും ആദ്യം കരാര്‍ രേഖകള്‍ കൈമാറി. പിന്നീട്, യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും ഊഴമായി. നിരവധി ധാരണാപത്രങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിക്കൊണ്ടിരുന്നു. ഇരു രാജ്യങ്ങളിലെയും പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, ഇന്ത്യയില്‍ യു എ ഇ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിക്ഷേപ സാധ്യതകള്‍, ദിര്‍ഹമിന്റെയും രൂപയുടെയും വിനിമയ നൈരന്തര്യം എന്നിങ്ങനെ ഇരു രാജ്യങ്ങള്‍ക്കും ഏറെ പ്രധാനമായ ധാരണകളാണ് ഉരുത്തിരിഞ്ഞുവന്നു.
എണ്ണ സമ്പത്തില്‍ മുന്നിലുള്ള യു എ ഇ, ഇന്ത്യക്ക് എത്ര വേണമെങ്കിലും എണ്ണ നല്‍കാന്‍ തയ്യാറാണ്. അനിവാര്യ ഘട്ടത്തില്‍ സൗജന്യമായും എണ്ണ നല്‍കാമെന്നാണ് ശൈഖ് മുഹമ്മദ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സുഹൃത്ത് ഉള്ളപ്പോള്‍, ഇന്ത്യയില്‍ ഒരിക്കലും എണ്ണ പ്രതിസന്ധി ഉണ്ടാകില്ല. വെറുതെയല്ല, ശൈഖ് മുഹമ്മദിനെ വിശേഷ സുഹൃത്ത് എന്ന് നരേന്ദ്രമോദി പ്രകീര്‍ത്തിച്ചത്. മംഗലാപുരത്ത് വന്‍തോതില്‍ എണ്ണ സംഭരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും. ധാരാളം യു എ ഇ ഉദ്യോഗസ്ഥര്‍ അവിടെ ഇടക്കിടെ സന്ദര്‍ശനം നടത്തും. ഇത് ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര മേഖലക്ക് പ്രചോദനമാകും.
2020 ഓടെ ഇന്ത്യ യു എ ഇ വാണിജ്യ ബന്ധം 10,000 കോടി ഡോളറില്‍ എത്തിക്കുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. നിലവില്‍ പ്രതിവര്‍ഷം ശരാശരി 6,000 കോടി ഡോളറിന്റേതാണ്. എണ്ണയിതര വാണിജ്യ മേഖലയില്‍ ഇന്ത്യയുടെ 9.8 ശതമാനം ഇടപാടുകള്‍ യു എ ഇയുമായിട്ടാണ്. യു എ ഇയുടെ കയറ്റുമതിയില്‍ 14.9 ശതമാനം ഇന്ത്യയിലേക്കാണ്. ഇന്ത്യയുടെ കയറ്റുമതി രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം യു എ ഇക്കുണ്ട്. വന്‍കിട വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല, യു എ ഇയിലെ പരശതം ഗ്രോസറികളും കഫ്‌ത്തേരിയകളും അവരുടേതായ രീതിയില്‍ വാണിജ്യബന്ധം ഊട്ടിയുറപ്പിക്കുന്നു.
ആഭ്യന്തരോല്‍പാദനത്തില്‍ ലോകത്ത് ആദ്യപത്തു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കയറ്റുമതി രാജ്യങ്ങളില്‍ 19-ാം സ്ഥാനം. ഇറക്കുമതിയില്‍ 12-ാം സ്ഥാനം. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പത്താം സ്ഥാനം. അങ്ങിനെയുള്ള ഇന്ത്യയുമായി സാമ്പത്തിക- വാണിജ്യ സഹകരണം യു എ ഇയെ കരുത്തുറ്റതാക്കും. ഭീകരതക്കെതിരെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ സഹായിക്കും.
ഇന്ത്യക്ക് സംസ്‌കരണ ശാലകള്‍ ധാരാളം ഉള്ളതിനാല്‍ അസംസ്‌കൃത എണ്ണ ലഭിച്ചാല്‍, പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് അത് ഊര്‍ജം നല്‍കും. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിന്റെ 18 ശതമാനം പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നാണ്. ഈ രംഗത്ത് ഇന്ത്യ യു എ ഇ സഹകരണം വര്‍ധിക്കാന്‍ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഉപകരിക്കും.
ശൈഖ് മുഹമ്മദിന്റെ പര്യടനം വിജയിക്കുന്നതില്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, വാണിജ്യ പ്രമുഖരായ എം എ യൂസുഫലി, ബി ആര്‍ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ വഹിച്ച പങ്ക് ചെറുതല്ല. തങ്ങളുടെ രാജ്യത്ത് ശൈഖ് മുഹമ്മദും സംഘവും എത്തുമ്പോള്‍, ആതിഥ്യമര്യാദയുടെ പഴുതുണ്ടാകരുതെന്ന് ഇവര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി എന്തു ത്യാഗത്തിനും അവര്‍ തയ്യാറായിരുന്നു. പക്ഷേ, നരേന്ദ്രമോദി ഭരണകൂടം അതിനുമപ്പുറത്തേക്ക് സ്വീകരണങ്ങളെ കൊണ്ടുപോയി. യു എ ഇ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനിക്കാന്‍ ഇതിലപ്പുറം എന്തുവേണം?.