കേരളത്തിലായതിനാലാണ് താന്‍ കൊല്ലപ്പെടാത്തത്: ഡി ജി പി ജേക്കബ് തോമസ്

Posted on: February 11, 2016 9:22 am | Last updated: February 11, 2016 at 9:22 am

jacob-thomasതിരുവനന്തപുരം: കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ കൊല്ലപ്പെടാത്തതെന്ന് ഡി ജി പി ജേക്കബ് തോമസ്. എന്നാല്‍, കേരളത്തില്‍ ആളെ വധിക്കുന്നതിന് പകരം തേജോവധമെന്ന ആയുധമാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാധകന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാറ്റൂര്‍ കേസില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പാറ്റൂര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിനാല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കൃത്യമായി താന്‍ പറഞ്ഞിരുന്നു. അവിടെ ഭൂമി കൈയേറ്റവും നടന്നിട്ടുണ്ട്.
മനുഷ്യര്‍ കത്തി നശിക്കരുതെന്നാണ് അഗ്നിശമന സേനയുടെ പ്രധാനലക്ഷ്യം. ആ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഫഌറ്റ് വിഷയത്തില്‍ താന്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഡി ജി പി വ്യക്തമാക്കി.
താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല. പുതുപ്പള്ളിയില്‍ താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്തക്ക് പിന്നില്‍ ചില തല്‍പ്പരകക്ഷികളാണ്. പലരും തെളിക്കുന്ന വഴിയേ പോകുന്ന ഒരാളല്ല ഞാന്‍. വഴി തെളിക്കാന്‍ എനിക്കുമറിയാം. ഏതെങ്കിലും രാഷ്ട്രീയ നേതാവിനോടോ പ്രസ്ഥാനത്തോടോ എനിക്ക് അടുപ്പമില്ല.
ഒരു മതത്തോടോ രാഷ്ട്രീയ പാര്‍ട്ടിയോടോ ഒരു പ്രത്യേക കമ്മ്യൂണിറ്റിയോടോ ഏതെങ്കിലും പ്രത്യേക വര്‍ഗത്തോടോ പ്രത്യേകിച്ച് ഒരു അകല്‍ച്ചയോ അടുപ്പമോ ഇല്ലാതെ നിഷ്പക്ഷമായി നില്‍ക്കണമെന്നത് ജനസേവകന്റെ കടമയാണ്. ഞാന്‍ സത്യത്തിന്റെ കൂടെ നില്‍ക്കുകയും സത്യം ജയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണെന്നും അദ്ദേഹം പറയുഞ്ഞു. ബാര്‍ കോഴ കേസില്‍ താന്‍പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ബാര്‍ കോഴ അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നാണ് തന്റെ വിശ്വാസം. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ തന്റെയൊപ്പമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി