തുടര്‍ച്ചയായ തിരിച്ചടി: കണ്ണൂരില്‍ സി പി എമ്മിന് കാലിടറുന്നു

Posted on: February 9, 2016 4:09 am | Last updated: February 9, 2016 at 12:11 am
SHARE

cpmകണ്ണൂര്‍: തുടര്‍ച്ചയായ തിരിച്ചടികളില്‍ കണ്ണൂരില്‍ സി പി എം നേതൃത്വത്തെ വിഷമസന്ധിയിലാക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാരായി രാജന് രാജിവെച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവും സി പിഎമ്മിന് കനത്ത പ്രഹരമാണുണ്ടാക്കിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ സി ബി ഐ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിനെയാണ് ഷുക്കൂര്‍ വധക്കേസ് ഇടിത്തീ ആയി മാറിയിരിക്കുന്നത്. ഷുക്കൂര്‍ വധകേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനേയും ടി വി രാജേഷ് എം എല്‍ എയെയും രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കേസ് പരിഗണിച്ച് ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടത്. കേസിലെ 32ഉം 33ഉം പ്രതികളാണ് ജയരാജനും രാജേഷും.
മനോജ് വധക്കേസില്‍ സി ബി ഐ പ്രതിയാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി ജയരാജന്‍ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതാണ് സി പി എമ്മിന്റെ തന്ത്രങ്ങള്‍ക്ക് സംഭവിച്ച മറ്റൊരു തിരിച്ചടി. കാരായിയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന ഒരു വിഭാഗത്തിന്റെ പിടിവാശിക്കു മുമ്പില്‍ രാജിവെക്കാനെടുത്ത തീരുമാനം കണ്ണൂര്‍ ലോബിയിലെ ഉന്നത നേതാക്കള്‍ക്കേറ്റ പ്രഹരമായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജില്ലാ സെക്രട്ടറിയുടെ പിടിവാശിയാണ് കാരായിമാരെ മത്സരിപ്പിച്ചത്. ജയരാജന്റെ അഭിപ്രായത്തോട് കണ്ണൂര്‍ ലോബിയിലെ മറ്റ് നേതാക്കള്‍ അനുകൂലിക്കുകയും കാരായിമാര്‍ക്ക് മത്സരിക്കാന്‍ പാര്‍ട്ടി അനുവാദം നല്‍കുകയുമായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തില്‍ ജില്ലയിലേയും സംസ്ഥാനത്തേയും ഒരുവിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ തയ്യാറാകാതായതോടെ തങ്ങളുടെ അഭിപ്രായം ശരിയാണെന്ന് വാദിക്കുന്നവരുമുണ്ട്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസമായിട്ടും ഭരണകാര്യങ്ങളില്‍ കാരായിമാര്‍ക്ക് ഇടപെടാന്‍ സാധിക്കാത്തത് തിരിച്ചടിയായെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിരുന്നു. ഇതാണ് പെട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും കാരായിയെ മാറ്റാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പി ജയരാജന്‍ ആഭ്യന്തര മന്ത്രിയാകുമെന്ന സൂചന നല്‍കി കണ്ണൂര്‍ അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് കണ്ണൂര്‍ ഘടകത്തില്‍ ഉണ്ടാക്കിയ വിമര്‍ശനവും ആക്ഷേപവും ചെറുതല്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്നതോടെ ഫഌക്‌സ് ബോര്‍ഡ് സ്ഥലത്ത് നിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രീതിയിലാണ് ജയരാജനെ ഫഌക്‌സ് ബോര്‍ഡില്‍ ചിത്രീകരിച്ചിരുന്നത്.
ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തര മന്ത്രി എന്നിങ്ങനെ ബോര്‍ഡില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. 2010 ആഗസ്ത് 15ന് തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രത്തില്‍ വി എസിനെ വെട്ടിമാറ്റിയാണ് തല്‍സ്ഥാനത്ത് പി ജയരാജന്റെ പടം വെച്ച് ബോര്‍ഡ് തയ്യാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. അമ്പാടിമുക്ക് സഖാക്കളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡ് വെച്ചതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പും ഇറക്കി. നവകേരള മാര്‍ച്ച് കാസര്‍കോട് നിന്ന് പുറപ്പെടുന്ന സമയത്ത് അമ്പാടിമുക്കില്‍ പിണറായി വിജയനെ യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായും അവതരിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
ഇതിനെതിരെ വിമര്‍ശമുയര്‍ന്നെങ്കിലും ബോര്‍ഡ് നീക്കം ചെയ്തിരുന്നില്ല. പകരം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള എ കെ ജി ആശുപത്രിക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനാണ് പാര്‍ട്ടി തയ്യാറായത്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണികളെ നേരിടാന്‍ സി പി എം കണ്ണൂര്‍ ഘടകത്തിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് സമകാലീക സംഭവങ്ങള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here