കുടിവെള്ള ടാപ്പിന് നല്‍കാന്‍ പണമില്ല; വിദ്യാര്‍ഥികള്‍ കിണര്‍ കുത്തി

Posted on: February 8, 2016 10:44 am | Last updated: February 8, 2016 at 10:44 am

cherupuzhaചെറുപുഴ:”കൊറച്ച് നാളു കൂടി കഴിയുമ്പോള്‍ ഇവിടെ വരളും, അന്നേരം വെള്ളമെടുക്കാന്‍ പൊരിവെയിലത്ത് കുറേ ദൂരം പോണം ഇപ്പഴേ കുഴിച്ചാല്‍ പിന്നെ അന്നേരം വിഷമിക്കണ്ടല്ലോ”… പതിനാലുകാരനായ ജയേഷ് ഇങ്ങനെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അനിയന്‍ സുമേഷിന്റെ കണ്ണ് നനഞ്ഞു. ഏട്ടന്‍ അനിയനെ സ്‌നേഹ പൂര്‍വം നോക്കിയപ്പോള്‍ കൈയ്യില്‍ പറ്റിയ ചെളി ഉടുമുണ്ടില്‍ തോര്‍ത്തി അവന്‍ കണ്ണ് തുടച്ചു. പിന്നെ ഒന്നും പറയാതെ രണ്ടാളും തൂമ്പയുമായി കുഴിയിലേക്കിറങ്ങി.
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴ കൂലോത്തും പൊയിലിലാണ് രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുടിവെള്ളത്തിനായി കിണര്‍ കുത്തുന്നത്. സര്‍ക്കാറിന്റെ ജല നിധി പദ്ധതി പ്രകാരം കുടിവെള്ള ടാപ്പിന് പണമടക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് വരും കാലത്തെ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് കൂലോത്തും പൊയിലിലെ പരേതനായ ഭാസ്‌കരന്റെ മക്കളായ സുമേഷ് (14)ഉം ജയേഷ് (12)ഉം ചേര്‍ന്ന് കിണര്‍ കുത്തുന്നത്.
തീര്‍ത്തും ദരിദ്രരായ ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായങ്ങളെല്ലാം അന്യമാണ്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് ഇവരുള്‍പ്പടെയുള്ള ആറംഗ കുടുംബം താമസിക്കുന്നത്. പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ കക്കൂസു പോലും ഇവിടെയില്ല. അമ്മ ജാനകി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. അടുത്തിടെയാണ് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ളം ലഭിക്കാന്‍ പൈപ്പ് സ്ഥാപിക്കണമെന്ന അറിയിപ്പ് ഇവര്‍ക്ക് ലഭിച്ചത്. ഇതിനായി അധികൃതരെ സമീപിച്ചപ്പോള്‍ 6500 രൂപ നല്‍കണമെന്ന് അറിയിച്ചു.
മറ്റുള്ളവരെല്ലാം പണം കെട്ടി പൈപ്പ് സ്ഥാപിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ഇവര്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ നടപടിയുണ്ടായില്ല. അമ്മയുടെ സങ്കടവും വീട്ടുകാരുടെ വിഷമങ്ങളുമെല്ലാം കണ്ടതോടെ സുമേഷും ജയേഷും ചേര്‍ന്ന് കിണര്‍ കുഴിക്കാനൊരുങ്ങുകയായിരുന്നു. ഇതിനകം നാല് കോല്‍ താഴ്ചയില്‍ കുഴിച്ച് കഴിഞ്ഞു. 21 കോലില്‍ വെള്ളം കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്. എന്തുവന്നാലും തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്നും സഹോദരങ്ങള്‍ വ്യക്തമാക്കുന്നു.