സാമ്പത്തിക മേഖലാ നിയമം മന്ത്രിസഭ അംഗീകരിച്ചു

Posted on: February 4, 2016 8:09 pm | Last updated: February 4, 2016 at 8:09 pm
SHARE

dohaദോഹ: സാമ്പത്തിക മേഖലകളെ കുറിച്ചുള്ള കരടു നിയമം മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കരടുനിയമം അംഗീകരിച്ചത്. സാമ്പത്തിക മേഖലകളുടെ പ്രര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മനാത്വിഖ് കമ്പനിയുടെ ശിപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബില്‍ തയ്യാറാക്കിയത്. സാമ്പത്തിക മേഖലയോട് ചേര്‍ന്ന് ഒന്നോ അതിലധികമോ പോര്‍ട്ടുകള്‍ നിര്‍മിക്കാനും കരട് ബില്‍ അധികാരം നല്‍കുന്നു.
മനാത്വിഖ് മുഖേന സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച കമ്പനികള്‍ക്ക് സാധാരണ നിലക്കുള്ള ലൈസന്‍സോ അനുമതിയോ ആവശ്യമില്ല. മൂലധനം, വരുമാനം, നിക്ഷേപം തുടങ്ങിയവ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്യാനും നിയന്ത്രണമില്ല. നിയമപ്രകാരം 50 വര്‍ഷത്തെ പ്രവര്‍ത്തനാനുമതിയാണ് സോണില്‍ ഒരു കമ്പനിക്ക് ലഭിക്കുക.
അപകടത്തില്‍പെട്ടും കേടായും റോഡില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ മാറ്റുന്നതിനുള്ള നിശ്ചിത ചെലവ് വ്യക്തമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യവും മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ നീക്കാന്‍ 500ഉം മൂന്നില്‍ കുറവുള്ളവക്ക് 200ഉം ഖത്വര്‍ റിയാല്‍ ഈടാക്കും. വാഹനം റോഡില്‍ കിടക്കുന്ന ഓരോ ദിവസത്തിനും 20 ഖത്വര്‍ റിയാല്‍ വീതമാണ് ഈടാക്കുക.
നാലാമത് മിഡില്‍ ഈസ്റ്റ് ഫാമിലി മെഡിസിന്‍ അന്താരാഷ്ട്ര സമ്മേളനം അടുത്ത വര്‍ഷം ആദ്യം ദോഹയില്‍ നടത്താനും അനുവാദം നല്‍കി. ഖസാക്കിസ്ഥാനിലെ നയതന്ത്രപ്രതിനിധികള്‍ക്കും പ്രത്യേക പാസ്‌പോര്‍ട്ടുള്ളവര്‍ക്കും വിസ നടപടികള്‍ ഒഴിവാക്കിയ തീരുമാനവും അംഗീകരിച്ചിട്ടുണ്ട്. ഖസാക്കിസ്ഥാനും ക്യൂബയുമായുള്ള നിരവധി ധാരണാപത്രങ്ങളും കരാറുകളും അംഗീകരിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും കാബിനറ്റ് സഹമന്ത്രിയുമായ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് അജന്‍ഡ വായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here