ഐ എന്‍ എല്‍ ജനജാഗ്രതാ യാത്ര നാളെ ജില്ലയില്‍

Posted on: February 2, 2016 8:52 am | Last updated: February 2, 2016 at 8:52 am
SHARE

കോഴിക്കോട്: അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണത്തിനുമെതിരെ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് നയിക്കുന്ന ജനജാഗ്രതാ യാത്ര നാളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വയനാട്ടില്‍ നിന്ന് എത്തുന്ന ജാഥയെ രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ കുറ്റ്യാടിയില്‍ ഐ എന്‍ എല്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നാദാപുരം എടച്ചേരി വഴി സ്വീകരണ കേന്ദ്രമായ വടകരയില്‍ 11 മണിക്ക് എത്തിച്ചേരും. തുടര്‍ന്ന് 12 മണിക്ക് യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും.
ജനജാഗ്രതാ യാത്രയോടനുബന്ധിച്ച് കക്കോടി, മുക്കം, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സ്‌നേഹജ്വാല ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും. കുറ്റ്യാടിയില്‍ നിന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് സി എച്ച് ഹമീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന സ്‌നേഹജ്വാല ജനജാഗ്രത യാത്രയെ ഒരു മണിക്ക് ഉള്ള്യേരിയില്‍ സ്വീകരിക്കും. തുടര്‍ന്ന് കുറ്റ്യാടിയിലെ സ്‌നേഹജ്വാലയും ജനജാഗ്രത യാത്രയും ഒരുമിച്ച് താമരശ്ശേരിയില്‍ എത്തിച്ചേരും. മുക്കത്ത് നിന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന സ്‌നേഹജ്വാലയും താമരശ്ശേരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 2.30 ന് നടക്കുന്ന സ്വീകരണ പരിപാടിക്ക് ശേഷം രണ്ട് സ്‌നേഹജ്വാലകളും യാത്രയോടൊപ്പം സഞ്ചരിച്ച് നാലിന് കൊടുവള്ളിയില്‍ എത്തിച്ചേരും. ഐ എന്‍ എല്‍ ജില്ലാ ജന. സെക്രട്ടറി എം ഷര്‍മ്മദ്ഖാന്റെ നേതൃത്വത്തില്‍ കക്കോടിയില്‍ നിന്ന് പുറപ്പെടുന്ന സ്‌നേഹജ്വാല കുന്ദമംഗല അഞ്ചിന് ജനജാഗ്രതാ യാത്രയെ സ്വീകരിക്കും. കുന്ദമംഗലത്ത് മൂന്ന് സ്‌നേഹജ്വാലകളും സംഗമിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടി യാത്രയെ കോഴിക്കോട്ടേക്ക് ആനയിക്കും. തുടര്‍ന്ന് ഏഴിന് കോഴിക്കോട് മുതലക്കുളത്ത് ജില്ലയുടെ സമാപന സ്വീകരണവും സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനം ഐ എന്‍ എല്‍ അഖിലേന്ത്യാ ജന. സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എസ് എ പുതിയവളപ്പില്‍, ബി ഹംസ ഹാജി, കെ പി ഇസ്മാഈല്‍, എന്‍ കെ അബ്ദുല്‍ അസീസ്, എം എ ല്ലത്വീഫ്, സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍, ഡോ. എ എ അമീന്‍ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here