വൈത്തിരിയിലെ ഓവുചാല്‍ നിര്‍മാണം ഗതാഗതം സ്തംഭിക്കുന്നത് മണിക്കൂറുകള്‍

Posted on: February 2, 2016 8:50 am | Last updated: February 2, 2016 at 8:50 am
SHARE

വൈത്തിരി: നടപ്പാതയുടേയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ അങ്ങാടിയില്‍ ഗതാഗതം സ്തംഭിക്കുന്നത് മണിക്കൂറുകള്‍. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.
വാഹനങ്ങള്‍ ഒരു വശത്തെയ്ക്ക് മാത്രം പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കിടയില്‍ കടത്തി വിട്ട് പോലിസും, കരാര്‍ പണിക്കാരും ട്രാഫിക് നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ അച്ചടക്കമില്ലാതെ വാഹനങ്ങളുടെ കൃത്യമായ വരി മറികടന്ന് നിയമം ലംഘിക്കുന്നവരാണ് ഗതാഗത തടസം ഉണ്ടാക്കുന്നത്. വയനാട്ടില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള സുപ്രധാന പാതയായ ദേശീയപാത 212 സ്തംഭിക്കുന്നതോടെ നിരവധി യാത്രക്കാരാണ് വഴിയില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വാഹനങ്ങളുടെ നിര ചുണ്ടേല്‍ ടൗണ്‍ വരെ ഉണ്ടായിരുന്നു.
ദീര്‍ഘദൂരയാത്രക്കാര്‍ക്ക് തീവണ്ടിയും, വിമാനവും നഷ്ടപ്പെടാതിരിക്കാനുള്ള പരക്കം പാച്ചിലും നിത്യസംഭവമാണ്. ചിലര്‍ ചുണ്ടേല്‍ ജുമാമസ്ജിദിന്റെ മുന്‍വശത്ത് കൂടി തളിമല വഴി വൈത്തിരിയിലെത്തുന്ന ബദല്‍ പാത ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഒരു കിലോമിറ്റര്‍ അധികം യാത്ര ചെയ്താലും വൈത്തിരി വൈ.എം.സി.എ റോഡിലൂടെ വൈത്തിരിയില്‍ എത്താമെന്നതും ഗുണകരമാണ്. നിര്‍മാണ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി വോയ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഓജസ് ദേവസി അധ്യക്ഷനായി. സലീം മേമന, എസ്. ചിത്രകുമാര്‍, എന്‍.കെ ജ്യാതിഷ് കുമാര്‍, കെ.കെ തോമസ്, സാദിഖ് ചുണ്ടേല്‍, ഗ്രിഗറി വൈത്തിരി, നിഷാദ് മേമന എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here