തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്ക് എതിരെ പരാതി നല്‍കിയ ആളുടെ വീടിനു നേരെ ആക്രമണം

Posted on: January 30, 2016 9:44 am | Last updated: January 30, 2016 at 1:18 pm

oommenchandyതൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പി.ഡി.ജോസഫിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ കല്ലെറിഞ്ഞു. കൂടാതെ വീടിനു മുന്നില്‍ കിടന്ന ചവിട്ടുമെത്തയ്ക്ക് തീയിടുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ജോസഫ് മുഖ്യമന്ത്രിക്കും, ആര്യാടനും എതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതും.തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു.

തുടര്‍ന്ന് ഇന്നലെ ഹൈക്കോടതി മുഖ്യമന്ത്രിയും ആര്യാടനും നല്‍കിയ സ്വകാര്യഹര്‍ജി പരിഗണിച്ച് വിജിലന്‍സ് നടപടികള്‍ സ്‌റ്റേ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും എതിരെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ട വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസന്‍ സ്വയം വിരമിക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.