മുഖ്യമന്ത്രിക്കെതിരെ കോടതി കയറിയാല്‍ കേസെടുക്കേണ്ടി വരും

Posted on: January 28, 2016 6:00 am | Last updated: January 27, 2016 at 11:13 pm
SHARE

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയില്‍ സര്‍ക്കാര്‍ ആടി ഉലയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിലൂടെ സോളാര്‍ കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചക്ക് വഴി തുറക്കുകയാണ്. കോഴ ആരോപണം വന്നതിന് പിന്നാലെ സരിതയെ സ്വാധീനിക്കാന്‍ കെ പി സി സി വൈസ് പ്രസിഡന്റും എ ഗ്രൂപ്പിലെ പ്രമുഖനുമായ തമ്പാനൂര്‍ രവി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്നത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് തമ്പാനൂര്‍ രവി.
വിജിലന്‍സ് കോടതി വിധിയും കെ ബാബുവിന്റെ രാജിയും സൃഷ്ടിച്ച ആഘാതത്തില്‍ നില്‍ക്കെയാണ് ഇടിത്തീ പോലെ സരിത എസ് നായരുടെ മൊഴി വരുന്നത്. ഇടക്കിടെ മൊഴി മാറ്റുന്ന വ്യക്തിയെന്നതില്‍ ഊന്നിയാണ് സര്‍ക്കാറിന്റെ പ്രതിരോധം. എന്നാല്‍, ലൈംഗിക ആരോപണങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന സോളാര്‍ കേസ് പൊടുന്നനെ കോഴയിലേക്ക് തന്നെ വഴി മാറിയത് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇടക്കിടെ നടത്തുന്ന വെളിപ്പെടുത്തല്‍ പോലെയല്ല കാര്യങ്ങള്‍. മുഖ്യമന്ത്രിക്ക് 1.90 കോടി രൂപ കോഴ നല്‍കിയെന്ന് മൊഴി നല്‍കിയിരിക്കുന്നത് ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ്. കമ്മീഷന്‍ രേഖപ്പെടുത്തിക്കഴിഞ്ഞ ഈ മൊഴി അടിസ്ഥാനമാക്കി ഏതൊരാള്‍ക്കും വിജിലന്‍സ് കോടതിയെ സമീപിക്കാം. അതോടെ കൈക്കൂലി നല്‍കിയെന്ന മൊഴി പകര്‍പ്പ് അടിസ്ഥാനമാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുന്നതിലേക്ക് ഇത് കാര്യങ്ങളെത്തിക്കും. കോടതി നിര്‍ദേശമില്ലാതെ തന്നെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും വകുപ്പുണ്ട്. വിജിലന്‍സിന് സ്വമേധയാ കേസെടുക്കുന്നതിനും ഒരു തടസ്സവുമില്ല.
ബാര്‍കോഴ കേസിന് സമാനമാണ് കാര്യങ്ങള്‍. ബിജുരമേശിന്റെ വെളിപ്പെടുത്തലിന് തുടര്‍ച്ചയായാണ് കെ എം മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സരിത എസ് നായരുടെ മൊഴിയും ഈ ഗണത്തില്‍ വരുന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ടി വരും.
തിരഞ്ഞെടുപ്പ് ഗോദയില്‍ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഫെബ്രുവരി അഞ്ചിന് നിയമസഭാസമ്മേളനം സംഭവ ബഹുലമാകും. പുതിയ സാഹചര്യത്തെ അടിസ്ഥാനരഹിതം എന്ന ഒറ്റവാക്ക് കൊണ്ടാണ് സര്‍ക്കാര്‍ നേരിടുന്നത്. മൊഴിക്ക് പിന്നില്‍ ഗൂഢാലോചന ആരോപണം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി കെ സി ജോസഫ് ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍ തമ്പാനൂര്‍ രവിയുടെ ഇടപെടല്‍ ഈ പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. മുഖ്യമന്ത്രി നല്‍കിയ മൊഴിക്ക് സമാനമായി കാര്യങ്ങള്‍ പറയണമെന്നാണ് സരിതയെ ഫോണില്‍ വിളിച്ച് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ പുറത്ത് വരികയും ചെയ്തു.
ബാര്‍ മുതലാളിമാരാണ് സരിതയുടെ മൊഴിക്ക് പിന്നിലെന്ന വാദവും മുഖ്യമന്ത്രി ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇങ്ങിനെയൊരു വാദം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് സംശയവും ഉയരുന്നു. ഐ ഗ്രൂപ്പ് നേതാക്കള്‍ തന്ത്രപരമായ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്. എന്തായാലും വരും ദിവസങ്ങളിലെ കേരള രാഷ്ട്രീയത്തിന്റെ ഗതിയെന്താകുമെന്നത് നിര്‍ണ്ണായകമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here