ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ മുങ്ങി; രോഗികള്‍ സൂപ്രണ്ടിനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു

Posted on: January 26, 2016 10:22 am | Last updated: January 26, 2016 at 10:22 am

തിരൂര്‍: ഡോക്ടര്‍ ഡ്യൂട്ടിക്കിടെ മുങ്ങിയത് ജില്ലാ ആശുപത്രിയില്‍ ഏറെ നേരം രോഗികളുടെ പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. എല്ലു രോഗ വിദഗ്ധന്‍ ഡോ. ഉണ്ണികൃഷ്ണനാണ് ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ ശേഷം പരിശോധനാ മുറിവിട്ട് പോയത്. ഈ സമയം സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേര്‍ ഒ പി ടിക്കറ്റ് എടുത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വക വെക്കാതെ ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയ ശേഷം ഏതാനും രോഗികളെ മാത്രം പരിശോധിച്ച് മടങ്ങുകയായിരുന്നു.
രോഗികള്‍ മണിക്കൂറുകള്‍ കാത്തു നിന്നെങ്കിലും ഡോക്ടര്‍ ഉടനെ എത്തുമെന്ന മറുപടിയായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഒരു മണി ആയതോടെ പരിശോധനാ സമയം കഴിഞ്ഞതായി ആശുപത്രി ജീവനക്കാര്‍ അറിയിച്ചതോടെ കാത്തു നിന്ന രോഗികള്‍ ബഹളം വെച്ചു. ഇത് ആശുപത്രിക്കുള്ളില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രോഗികള്‍ കൂട്ടത്തോടെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഉസ്മാന്‍ കുട്ടിയെ തടഞ്ഞു വെച്ചു.
ചികിത്സിക്കാന്‍ ഡോക്ടര്‍ എത്തണമെന്ന രോഗികളുടെ ആവശ്യം സൂപ്രണ്ട് അംഗീകരിക്കുകയും ഉച്ചക്ക് 2.30 മുതല്‍ ഡോക്ടര്‍ പരിശോധിക്കുമെന്നും ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം പിന്‍വലിച്ചു. ജില്ലാ ആശുപത്രിയില്‍ ആകെയുള്ള ഒരു എല്ലു രോഗ വിദഗ്ധനാണ് ഡോ. ഉണ്ണികൃഷ്ണന്‍. ഇയാള്‍ ലീവെടുക്കുന്നതും ഒപ്പിട്ട ശേഷം ഡ്യൂട്ടിക്കെത്താതിരിക്കുന്നതും പതിവാണ്. ജില്ലാ ആശുപത്രിയുടെ എതിര്‍ വശം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ ഉണ്ണികൃഷ്ണനെതിരെ മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേ സമയം തലവേദന പിടിപെട്ടതാണ് ചികിത്സക്കിടെ പോകാന്‍ കാരണമെന്ന് ഡോക്ടര്‍ സൂപ്രണ്ടിനു വിശദീകരണം നല്‍കി.