Connect with us

Kerala

ബാബുവിന് മേലുള്ള 'ഇടിത്തീ' മെട്രോ ഫഌഗ് ഓഫിനിടെ

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസെടുക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെക്കുറിച്ച് മന്ത്രി കെ ബാബു അറിഞ്ഞത് മെട്രോയുടെ മുട്ടം യാര്‍ഡിലെ ഫഌഗ് ഓഫ് ചടങ്ങിനിടെ. ആശംസാ പ്രസംഗം നടത്തുന്നതിനിടയിലാണ് ബാബുവിനെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിന്റെ വാര്‍ത്ത എത്തിയത്. ഹൈബി ഈഡന്‍ എം എല്‍ എയുടെ ഫോണിലേക്കാണ് ആദ്യം വിവരമെത്തിയത്. ബാബു പ്രസംഗിക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി ഹൈബി വിവരം പങ്കുവെച്ചു. ആഹ്ലാദ ഭരിതമായിരുന്ന വേദി പൊടുന്നനെ മ്ലാനമായി.
പ്രസംഗം കഴിഞ്ഞ് സുസ്‌മേര വദനനായി കസേരയിലേക്ക് മടങ്ങിയ ബാബുവിന്റെ മുഖം വാര്‍ത്തയറിഞ്ഞ് ഇരുണ്ടു. തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബാബു ആശങ്ക പങ്കുവെച്ചു. രാജിവെക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ തൊട്ടടുത്ത് വന്നിരുന്ന ഹൈബി ഈഡന്‍ വിജിലന്‍സ് കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ഫോണിലൂടെ കേട്ട് ബാബുവിനെ അറിയിച്ചുകൊണ്ടിരുന്നു. ആകാംക്ഷ കൊണ്ട് വലിഞ്ഞുമുറുകിയ മുഖവുമായി ബാബു ഇരുന്നപ്പോള്‍ മുഖ്യമന്ത്രി ക്യാമറകള്‍ക്ക് മുന്നില്‍ മുഖത്ത് ചിരി വരുത്തി.
സമ്മേളനം കഴിഞ്ഞ് മെട്രോ ട്രെയിനില്‍ മറ്റുള്ളവര്‍ക്കൊപ്പം കയറിയ മന്ത്രി ബാബുവിന്റെ മുഖത്ത് പിരിമുറുക്കം മാത്രമായിരുന്നു. ചടങ്ങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഇന്ന് തന്നെ പ്രതികരണം ഉണ്ടാകുമെന്ന് ബാബു വ്യക്തമാക്കി.
മന്ത്രി ബാബുവും സഹപ്രവര്‍ത്തകരും നേരെ പോയത് എറണാകുളം ഗസ്റ്റ് ഹൗസിലേക്കാണ്. അവിടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച. അപ്പീല്‍ നടപടികള്‍ ഉള്‍പ്പെടെ ആലോചനാവിഷയമായി. ബാബു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായും ഫോണില്‍ ബന്ധപ്പെട്ടു. വൈകാതെ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും ഗസ്റ്റ് ഹൗസിലെത്തി. വിജിലന്‍സ് കോടതി ഉത്തരവ് അതീവ ഗൗരവമാണെന്ന വി എം സുധീരന്റെ പ്രസ്താവനയും പുറത്തുവന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ രാജിവെക്കാനുള്ള തീരുമാനം ഉരുത്തിരിഞ്ഞതോടെ ബാബു എറണാകുളം പ്രസ്‌ക്ലബില്‍ മൂന്നിന് വാര്‍ത്താസമ്മേളനം നടത്തുകയാണെന്ന് അറിയിച്ചു. ഗസ്റ്റ് ഹൗസില്‍ തന്നെ പിന്തുടര്‍ന്നെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബാബു പുറത്തിറക്കി. വൈകാതെ രാജി പ്രഖ്യാപനത്തിനായി തൊട്ടടുത്തുള്ള പ്രസ് ക്ലബിലേക്ക്.
അപ്പോഴേക്കും പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യുവമൊര്‍ച്ചക്കാരുമെത്തി. രാജി പ്രഖ്യാപിച്ച ശേഷം ഇറങ്ങിയ ബാബുവിനെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

Latest