ജി സി സിയില്‍ നിര്‍ബന്ധ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനം വ്യാപിപ്പിക്കണമെന്ന് ആവശ്യം

Posted on: January 14, 2016 6:18 pm | Last updated: January 14, 2016 at 6:18 pm
SHARE

health insuranceദോഹ: ജി സി സിയിലുടനീളം നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചികിത്സാ ചെലവ് ഉയരുമെന്നതിനാല്‍ മേഖലയില്‍ സുസ്ഥിര ആരോഗ്യരക്ഷാ ഫണ്ടിംഗ് മാതൃക വേണമെന്നാണ് ആവശ്യം.
പൗരന്‍മാരുടെ ചികിത്സാ ബില്ലുകള്‍ രാഷ്ട്രങ്ങള്‍ അടക്കുന്ന രീതിയാണ് കാലങ്ങളായി മേഖലയിലുള്ളത്. അതേസമയം, ദീര്‍ഘകാലത്തേക്ക് ഇത് സുസ്ഥിരമല്ല. സഊദി അറേബ്യ, ഖത്വര്‍, അബൂദബി, ദുബൈ എന്നിവ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യരക്ഷ നല്‍കുന്നവര്‍, നിയന്ത്രിക്കുന്നവര്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് ഇടയാക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും ആരോഗ്യരക്ഷ നല്‍കുന്നവരും മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വെല്ലുവിളികളില്ലാതെ മാറ്റം സാധ്യമാകില്ലെന്നാണ് ഇവരുടെ പക്ഷം. ഇന്ധനവില ഉയര്‍ന്നതും ആളോഹരി ചികിത്സാ ചെലവ് കുറഞ്ഞതുമായ സാഹചര്യത്തില്‍ നിയന്ത്രകന്‍ എന്നതില്‍ നിന്ന് ഫണ്ടിംഗ് ബോഡി, സേവനദാതാവ് തുടങ്ങിയ പങ്കുകളായിരുന്നു മേഖലയിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ നിര്‍വഹിച്ചത്. സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഫണ്ടിംഗ് മാതൃക ചില രാഷ്ട്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വരുമാനം പരിഗണിക്കാതെ രാഷ്ട്രങ്ങള്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനമാണ് നടപ്പാക്കുന്നത്.
തൊഴിലാളികള്‍ക്ക് തൊഴിലുടമ പണം മുടക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന സംവിധാനവും ചില ജി സി സി രാഷ്ട്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് വിപണി മാതൃകയായി മൊത്തം ജനങ്ങള്‍ക്കും നടപ്പാക്കുന്ന രീതിയും നിലവിലുണ്ട്. ഇതുപ്രകാരം സര്‍ക്കാര്‍ വിഹിതം കുറയുകയും മാര്‍ക്കറ്റില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആധിക്യമുണ്ടാകുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണത്തിനാണ് മുന്‍ഗണന നല്‍കേണ്ടി വരിക. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഒന്നിലേറെ ലൈസന്‍സുകള്‍ നല്‍കിയതിനാല്‍ മത്സരം ശക്തമായി നിലനില്‍ക്കും. ലാഭകരമായി പ്രവര്‍ത്തിക്കുക, വ്യത്യസ്ത സേവനങ്ങള്‍ നല്‍കുക തുടങ്ങിയ വെല്ലുവിളികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നിലവില്‍ അഭിമുഖീകരിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളാണ് ഈയവസരത്തില്‍ പിടിച്ചുനില്‍ക്കുക. ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയും ആശുപത്രികളുമായുള്ള ബന്ധവും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിലനില്‍ക്കാന്‍ അനിവാര്യമാണ്.
വില നിര്‍ണയവും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. ഏകീകൃത വിലനിര്‍ണയ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇത് വളരെയെളുപ്പമാകും. നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് സംവിധാനത്തില്‍ സ്വാഭാവികമായും ആളുകളും ആവശ്യവും വര്‍ധിക്കും. ഇത് ചികിത്സാ ചെലവ് വര്‍ധിക്കുന്നതിന് ഇടയാക്കും. ഇതിനനുസരിച്ച് പ്രീമിയത്തിലും വര്‍ധനയുണ്ടാകും. ക്ലെയിമുകള്‍ വര്‍ധിക്കുമ്പോഴാണ് പ്രീമിയം വര്‍ധിക്കുക. ഈയവസരത്തില്‍ ക്ലെയിമുകള്‍ കുറക്കാന്‍ തൊഴിലുടമ താത്പര്യപ്പെടും. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ചികിത്സിക്കുക എന്നതിനേക്കാള്‍ രോഗം വരാതെ തടയുക എന്ന പദ്ധതി അവലംബിക്കുന്നതായിരിക്കും ഇതിന്റെ ആത്യന്തികഫലം. മിഡില്‍ ഈസ്റ്റില്‍ ആരോഗ്യ രക്ഷാ രംഗത്ത് ചെലവഴിക്കുന്ന 50 ശതമാനം പണവും പാഴാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ ആരോഗ്യരക്ഷാ സംവിധാനം കൂടുതല്‍കാര്യക്ഷമമാകേണ്ടതുണ്ട്. കൂടുതല്‍ മരുന്നുകള്‍ കുറിക്കാതിരിക്കുക, ആവശ്യത്തിന് മാത്രം ടെസ്റ്റുകള്‍ നടത്തുക തുടങ്ങിയ ക്രമീകരണങ്ങള്‍ നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് നടപ്പാക്കിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here