അധ്യാപക നിയമനം: സര്‍ക്കാര്‍ അപ്പീലിനില്ല

Posted on: January 14, 2016 5:21 am | Last updated: January 14, 2016 at 12:21 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കാമെന്നും നിലവിലുള്ള വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാറിന്റെ ഉറപ്പ്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു. 2015-16 വരെയുള്ള എല്ലാ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കാമെന്നും ഇന്നലെ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സമയബന്ധിതമായി ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാമെന്നുള്ള ഉറപ്പും സര്‍ക്കാര്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ നല്‍കി. 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം. ഇത്തരത്തില്‍ അധ്യാപക നിയമനം നത്തുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30,1:35 എന്ന നിലയിലാകും. കൂടാതെ ഹ്രസ്വകാല നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്നും ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതി വിധി അനുസരിച്ച് അധ്യാപക നിയമനം നടത്തിയാല്‍ നിലവില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സംബന്ധിച്ച് സര്‍ക്കാര്‍ പുതുതായി ഇറക്കുന്ന ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി മാനേജുമെന്റുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷമേ ഇതിന്റെ അന്തിമ ഉത്തരവ് ഇറക്കുകയുള്ളെന്നും സര്‍ക്കാര്‍ ചര്‍ച്ചയില്‍ അറിയിച്ചു.
നേത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജിലെ ചില നിര്‍ദേശങ്ങള്‍ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കോടതി വിധി അനുസരിച്ച് അധ്യാപക നിയമനം നടത്തണമന്നെ ആവശ്യവുമായി കേരളാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പട്ടിണി സമരവും നടത്തിവന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ അബ്ദുര്‍റബ്ബ്, കെ സി ജോസഫ് എന്നിവരും മാനേജ്‌മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലമിസ് കാതോലിക്കാബാവ, സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി പാലിക്കാപ്പിള്ളി, ഫാ. ജോസ് കരുവേലില്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ സെക്രട്ടറി സാജു പതാലില്‍, എം ഇ എസ് പ്രതിനിധി പി ഒ ജെ ലബ്ബ, എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ എടരിക്കോട് പങ്കെടുത്തു.