പരിചയ സമ്പന്നത ആയുധമാക്കി ആശിഷ് നെഹ്‌റ

Posted on: January 14, 2016 6:08 am | Last updated: January 14, 2016 at 12:10 am
SHARE

Ashish Nehraന്യൂഡല്‍ഹി: ട്വന്റിട്വന്റി ക്രിക്കറ്റില്‍ യുവാക്കള്‍ക്ക് മാത്രമല്ല, തന്നെപോലുള്ള വെറ്ററന്‍ താരങ്ങള്‍ക്കും തിളങ്ങാന്‍ സാധിക്കുമെന്ന് ആശിഷ് നെഹ്‌റ. ആസ്‌ത്രേലിയക്കെതിരായ ടി20 ടീമിലുള്‍പ്പെട്ട ഡല്‍ഹി പേസര്‍ ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ആളുകളെല്ലാം പറയുക ടി20 യുവാക്കളുടെ കളിയാണെന്നാണ്. എന്നാല്‍ ഞാനതില്‍ വിശ്വസിക്കുന്നില്ല. നമുക്ക് ഏറ്റവും മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നുവെങ്കില്‍ ഫോര്‍മാറ്റ് ഒരു വിഷയമേയല്ല – നെഹ്‌റ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായിരുന്നു നെഹ്‌റ കളിച്ചിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ പി എല്ലിലെ സ്ഥിരതയുള്ള ബൗളറായാണ് നെഹ്‌റ അറിയപ്പെടുന്നത്.
ഐ പി എല്ലിലെ പരിചയ സമ്പത്താണ് ദേശീയ ടീമിലേക്ക് തനിക്ക് തിരിച്ചുവരവൊരുക്കിയതെന്ന് നെഹ്‌റ വിശ്വസിക്കുന്നു. ശാരീരകമായും മാനസികമായും ഞാനേറെ കരുത്തനാണ്. ഐ പി എല്ലിലെ ആദ്യ മത്സരം കളിക്കുന്ന കാലത്തെ അതേ ഫിറ്റ്‌നെസ് ഇപ്പോഴും നിലനിര്‍ത്തുന്നു – നെഹ്‌റ പറഞ്ഞു.
കരിയറില്‍ തുടരെ പരുക്കിന്റെ പിടിയിലായിരുന്നു നെഹ്‌റ. മാര്‍ച്ചില്‍ നടക്കുന്ന ഐ സി സി ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് താരം.
ആസ്‌ത്രേലിയയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാനുള്ള ഒരുക്കത്തിലാണ് താരം. ഓരോ ബൗളര്‍ക്കും വ്യത്യസ്തമായ കഴിവുകളായിരിക്കും. എന്നാല്‍, നമുക്കൊരിക്കലും പരിചയ സമ്പത്ത് കാശ് കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. അതെനിക്ക് വേണ്ടുവോളമുണ്ട്. പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടും ക്രിക്കറ്റില്‍ തുടരാന്‍ തനിക്ക് സാധിക്കുന്നുണ്ട്. ആ ഇച്ഛാശക്തിയും പരിചയ സമ്പത്തും മുതല്‍ക്കൂട്ടാകുമെന്ന് നെഹ്‌റ വിശ്വസിക്കുന്നു. 2011 മാര്‍ച്ച് മുപ്പതിനാണ് ആശിഷ് നെഹ്‌റ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.

ഇന്ത്യയുടെ ടി20 സ്‌ക്വാഡ് : എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹര്‍ഭജന്‍ സിംഗ്, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

LEAVE A REPLY

Please enter your comment!
Please enter your name here