ഒറ്റമുറി ക്വാട്ടേഴ്‌സിലെ ചരിത്രപുസ്തകം

Posted on: January 3, 2016 12:06 am | Last updated: January 3, 2016 at 8:57 am
SHARE

Bardhanന്യൂഡല്‍ഹി: ‘പലരും ജീവചരിത്രം എഴുതിയിട്ടുണ്ട്. അത് പലപ്പോഴും സ്വയം അഭിനന്ദിക്കുന്നതിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. ഞാന്‍ ഒരിക്കലും ആത്മകഥയെഴുതില്ല’- തന്റെ 90ാം ജന്മദിനത്തില്‍ സി പി ഐ ആസ്ഥാനമായ ആജോയ്ഭവനില്‍ ഇരുന്നുകൊണ്ട് മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍ പറഞ്ഞിരുന്നു. അത്രയും കാലത്തിനിടയില്‍ നാലരക്കൊല്ലത്തോളം ജയില്‍വാസമനുഭവിച്ച, രണ്ട് വര്‍ഷത്തോളം ഒളിജീവിതം നയിച്ച, കഴിഞ്ഞ കുറേ വര്‍ഷം അജോയ്ഭവനിലെ ഒറ്റമുറി ക്വാട്ടേഴ്‌സില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് നീണ്ട ജീവചരിത്ര ഗ്രന്ഥത്തെക്കാളും ആഴവും പരപ്പുമുണ്ടായിരുന്നു.
പാര്‍ലിമെന്ററി താത്പര്യങ്ങള്‍ ഒരിക്കലും വെച്ചുപുലര്‍ത്താതിരുന്ന ബര്‍ദന്‍ സംഘടനാ രാഷ്ട്രീയത്തിന്റെ വക്താവായി മാറുകയായിരുന്നു. പതിനാറ് വര്‍ഷത്തോളം സി പി ഐ ജനറല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇടത് ഐക്യത്തിന് വേണ്ടി നിരന്തരം വാദിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാര്‍ജിക്കണമെങ്കില്‍ ഭിന്നിച്ചുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സി പി ഐയും സി പി എമ്മും ഒരുമിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. 90കള്‍ക്ക് ശേഷം ഇടതുപക്ഷത്തിന്റെ പല തീരുമാനങ്ങളിലും ബര്‍ദാന്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. കേന്ദ്ര ഭരണത്തില്‍ ആദ്യമായി ഇടതു പാര്‍ട്ടികള്‍ പങ്കാളിയായപ്പോഴും 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെ പിന്തുണച്ചപ്പോഴുമെല്ലാം ബര്‍ദാന്റെ അഭിപ്രായങ്ങള്‍ക്ക് മുന്നണി വിലകല്‍പ്പിച്ചു. 1996ല്‍ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രി പദം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്ന് ജ്യോതിബസു തന്നെ പിന്നീട് പറയുകയുണ്ടായി. ഇതേ നിലപാട് തന്നെയായിരുന്നു എ ബി ബര്‍ദനും.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രിയത്തിലേക്കുള്ള വളര്‍ച്ചയില്‍ ബര്‍ദന്റെ ഒഴിച്ചുകൂടാനാകാത്ത ഒരേടാണ് തൊഴിലാളി നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഒട്ടുമിക്ക മേഖലകളിലും പെട്ട തൊഴിലാളി പ്രസ്ഥാനങ്ങളുടെയും അമരത്ത് അവരെ നയിച്ചുകൊണ്ട് ബര്‍ദനും ഉണ്ടായിരുന്നു. ഊര്‍ജം, റെയില്‍വേ, ടെക്‌സ്റ്റൈല്‍, പ്രതിരോധം, പ്രസ്, എന്‍ജിനീയറിംഗ് എന്ന് തുടങ്ങി അദ്ദേഹം തൊഴിലാളി നേതാവായി തിളങ്ങിയ മേഖലകള്‍ അനവധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here