നേതാജിയുടെ തിരോധാനം: കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു

Posted on: January 2, 2016 11:57 pm | Last updated: January 2, 2016 at 11:57 pm

subhas-chandra-boseലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് പുറത്തുവിട്ടു. വിമാനാപകടത്തില്‍ ബോസ് മരിച്ചുവെന്ന് കരുതപ്പെടുന്ന കാലത്തിന് ശേഷം അദ്ദേഹത്തെ ബീജിംഗില്‍ കണ്ടുവെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ബോസ് ഫയല്‍സ് ഇന്‍ഫോ (ംംം.യീലെളശഹല.െശിളീ) എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഒരു ടെലിഗ്രാം സന്ദേശം 1952ല്‍ സുഭാഷ് ചന്ദ്ര ബോസ് ബീജിംഗില്‍ ഉണ്ടായിരുന്നുവെന്നുള്ള വാദം പൊളിക്കുന്നു. 1945ല്‍ തായ്‌വാനില്‍ വെച്ച് വിമാനം തകര്‍ന്ന് ബോസ് മരിച്ചുവെന്നാണ് റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, 1955ല്‍ എസ് എം ഗോസ്വാമി എന്നയാള്‍ ഒരു കുറിപ്പ് പുറത്തിറക്കി. ‘നേതാജി: ദുരൂഹത നീങ്ങുന്നു’വെന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ട്. ഇതില്‍ മംഗോളിയന്‍ വ്യാപാരി സംഘം ചൈനീസ് ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. 1952ല്‍ എടുത്ത ഈ ചിത്രത്തില്‍ കാണുന്ന ഒരാള്‍ സുഭാഷ് ചന്ദ്ര ബോസ് ആണെന്ന വാദമാണ് ഗോസ്വാമി മുന്നോട്ട് വെച്ചത്. മാത്രമല്ല, നേതാജി ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി നേതാജി അന്വേഷണ കമ്മീഷന് മുമ്പാകെ 1956ല്‍ ഗോസ്വാമി ഈ ചിത്രം സമര്‍പ്പിക്കുകയും ചെയ്തു. തിരിച്ചറിയാനായി ഈ ഫോട്ടോ ബീജിംഗിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചു കൊടുത്തു. എംബസി അത് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിന് പ്രതികരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അയച്ച ടെലിഗ്രാമാണ് വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
‘സുഭാഷ് ചന്ദ്ര ബോസിന്റെതെന്ന പേരിലുള്ള ഫോട്ടോ പരിശോധിച്ചു. ഈ ഫോട്ടോയില്‍ ബോസിന്റെതെന്ന് പറയുന്ന ചിത്രം പീകിംഗ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ലീ കി ഹംഗിന്റെതാണെന്ന് തെളിഞ്ഞിരിക്കുന്നു’- ഇതാണ് ടെലഗ്രാം സന്ദേശം. ബോസിനെക്കുറിച്ചുള്ള ഒരു കെട്ടു കഥകൂടി ടെലിഗ്രാം സന്ദേശത്തോടെ പൊളിഞ്ഞിരിക്കുന്നുവെന്ന് വെബ്‌സൈറ്റിന് നേതൃത്വം നല്‍കുന്ന ആശിഷ് റോയി പറഞ്ഞു. 1945ല്‍ ബോസ് സോവിയറ്റ് യൂനിയനിലേക്ക് രക്ഷപ്പെട്ടിരുന്നുവെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന രണ്ട് രേഖകള്‍ വെബ്‌സൈറ്റ് ഡിസംബറില്‍ പുറത്തുവിട്ടിരുന്നു. 1992ലും 1995ലും റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അയച്ച നയതന്ത്ര കുറിപ്പാണ് സൈറ്റ് പുറത്ത് വിട്ടത്. ബോസ് സോവിയറ്റ് യൂനിയനില്‍ ചെന്നതിന് സോവിയറ്റ്, കെ ജി ബി ആര്‍ക്കൈവ്‌സിലൊന്നിലും തെളിവില്ലെന്ന് ഈ കുറിപ്പുകള്‍ വ്യക്തമാക്കിയിരുന്നു.