പ്രവാസി ഭാരതീയ ദിവസ് രൂപം മാറുന്നു; ഈ ജനുവരിയില്‍ സമ്മേളനം ഇല്ല

Posted on: December 31, 2015 9:15 pm | Last updated: January 5, 2016 at 9:23 pm

pravasi bharadeeya divasamദോഹ :കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രവാസി സമ്മേളനം (പ്രവാസി ഭാരതീയ ദിവസ്) 2016ല്‍ ഉണ്ടാകില്ല. സമ്മേളനം പുതിയ രീതിയില്‍ നടത്താനുള്ള സര്‍ക്കാര്‍ ആലോചനയുടെ ഭാഗമായാണ് അടുത്ത വര്‍ഷത്തെ പരിപാടി ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനുവരി ഒമ്പത് ഉള്‍കൊള്ളുന്ന വിധമാണ് വര്‍ഷങ്ങളായി പ്രവാസി ഭാരതീയ ദിവസ് നടന്നു വന്നിരുന്നത്. 2016 ജനുവരി എട്ട് മുതല്‍ പത്ത് വരെ ന്യൂഡല്‍ഹി ചാണക്യപുരി ജോസ് റിസാല്‍ മാര്‍ഗിലുള്ള പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ സമ്മേളനം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. സാധാരണരീതിക്കു പകരം സര്‍ക്കാര്‍ ക്ഷണിക്കുന്ന വിദഗ്ധരെയും പ്രമുഖരെയും മാത്രം പങ്കെടുപ്പിച്ച് സമ്മേളനം നടത്താനുള്ള ആലോചന വിമര്‍ശിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കില്‍ വിപുലമായി നടത്തുകയും ഇടയിലെ വര്‍ഷങ്ങളില്‍ വിദഗ്ധരുടെ കൂടിയാലോചന മാത്രം നടത്തുക എന്നതായിരുന്നു ബി ജെ പി സര്‍ക്കാറിന്റെ ധാരണ. ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് നിശ്ചയിച്ച പ്രവാസി ഭാരതീയദിവസ് വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
2017 മുതല്‍ സമ്മേളനം രൂപം മാറ്റി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമ്മേളനത്തിന്റെ രൂപം സംബന്ധിച്ച് വ്യക്തതയില്ലെന്നും യു എ ഇ ഇന്ത്യന്‍ അംബാസിഡര്‍ ടി പി സീതാറാം പറഞ്ഞു. കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. എന്നാല്‍ 2016ല്‍ പ്രവാസി ഭാരതീയദിവസ് ഇല്ല എന്നത് തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് ഖത്വര്‍ ഇന്ത്യന്‍ എംബസിയില്‍നിന്നും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
പ്രവാസി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2003 ലാണ് പ്രവാസി ഭാരതീയ ദിവസിനു തുടക്കമായത്. ജനുവരി ഒമ്പത് പ്രവാസി ഭാരതീയ ദിവസായി പരിഗണിച്ചാണ് സമ്മേളനം നടത്തി വന്നത്. സൗത്ത് ആഫ്രിക്കന്‍ പ്രവാസ ജീവിതത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ദിവസം എന്നതുകൂടി പരിഗണിച്ചാണ് പ്രവാസി ഭാരതീയ ദിവസിന് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഈ ദിനം തിരഞ്ഞെടുത്തിരുന്നത്.
ബിസിനസുകാരുടെയും എന്‍ ആര്‍ ഐകളുടെയും സംഗമം എന്നും സാധാരണ പ്രാവസികള്‍ക്ക് അപ്രാപ്യമായി സമ്മേളനം എന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും സമ്മേളനം കാരണമാകാറുണ്ട്. സമ്മേളനാനുബന്ധമായി ഉയര്‍ന്നു വരുന്ന ചര്‍ച്ചകളും മാധ്യമ വാര്‍ത്തകളും വിവിധ പ്രവാസി വിഷയങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനും സമ്മേളനം വഴിയൊരുക്കുന്നു. രണ്ടു വര്‍ഷങ്ങളായി പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രത്യേക സംഗമവും ഗള്‍ഫ് മലയാളി സംഗവും നടക്കാറുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറുകളും പ്രവാസി ഭാരതീയദിവസില്‍ താത്പര്യത്തോടെ പങ്കെടുത്ത് സംസ്ഥാനങ്ങളിലേക്ക് വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ക്ഷണിക്കുന്നതിന് ശ്രമിക്കാറുണ്ട്.