എസ് വൈ എസ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും 17 ന് മലപ്പുറത്ത്

Posted on: December 31, 2015 11:30 am | Last updated: December 31, 2015 at 11:30 am

മലപ്പുറം: എസ് വൈ എസ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും ജനുവരി 17 ന് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. ‘ധര്‍മ പതാകയേന്തുക’ എന്ന ശീര്‍ഷകത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ സംസ്ഥാന ശരാശരിക്ക് മുകളിലെത്തിയ ആവേശത്തിലാണ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.
നിര്‍ദിഷ്ട സമയത്തിനകം തന്നെ യൂനിറ്റ്, സര്‍ക്കിള്‍ നവസാരഥികളുടെ തിരഞ്ഞെടുപ്പ് ജില്ലയില്‍ പൂര്‍ത്തിയായി. പ്രാസ്ഥാനിക കരുത്തും ആദര്‍ശ വിശുദ്ധിയും വിളിച്ചോതി 1194 യൂനിറ്റുകളിലും 115 സര്‍ക്കിളുകളിലും മുസ്‌ലിം ജമാഅത്തിനും എസ് വൈ എസിനും പുതിയ കമ്മിറ്റി നിലവില്‍ വന്നു. അത്യധികം ആവേശത്തില്‍ സോണ്‍ പുനസംഘടനയുടെ തുടക്കമായി നടന്ന കൊണ്ടോട്ടി സോണ്‍ കൗണ്‍സില്‍ പ്രൗഢമായി. ഇന്ന് മലപ്പുറം, വണ്ടൂര്‍, എടപ്പാള്‍ സോണ്‍ കൗണ്‍സിലുകള്‍ പൊന്മള കിഴക്കേതല, വണ്ടൂര്‍ അല്‍ ഫുര്‍ഖാന്‍, എടപ്പാള്‍ ഐ ജി സി എന്നിവിടങ്ങളില്‍ നടക്കും.
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍, പി വി മുഹമ്മദ് ഹാജി നേതൃത്വം നല്‍കും. തിരൂരങ്ങാടി, തേഞ്ഞിപ്പലം, വേങ്ങര സോണ്‍ കൗണ്‍സിലുകള്‍ തിരൂരങ്ങാടി കമ്മ്യൂനിറ്റി ഹാള്‍, യൂനിവേഴ്‌സിറ്റി മസ്ജിദ്, മമ്പീതി മര്‍കസ് എന്നിവടങ്ങളില്‍ നാളെയും നടക്കും.
മുസ്‌ലിം ജമാഅത്ത് രൂപവത്കണ കണ്‍വെന്‍ഷനുകളില്‍ എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ ഭാരവാഹികളും എസ് എം എ, എസ് ജെ എം മേഖല ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ജനുവരി 14 നകം ജില്ലയിലെ മുഴുവന്‍ സോണുകളിലും കേരള ജമാഅത്ത് രൂപവത്കരണവും എസ് വൈ എസ് പുനസംഘടനയും പൂര്‍ത്തിയാകും.