ആലത്തൂര്‍ ഉപജില്ല മുന്നേറുന്നു

Posted on: December 29, 2015 6:40 pm | Last updated: December 29, 2015 at 6:40 pm

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ദാറുന്നജാത്ത് മുഖ്യവേദിയായി നടക്കുന്ന പാലക്കാട് ജില്ലാ റവന്യു കലോത്സവത്തിന് തിരശ്ശില ഉയര്‍ന്നു. സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയ ഇന്നലെ ഉച്ചയോടെയാണ് പല മത്സരവേദികളും ഉണര്‍ന്നത്.
രാവിലെ 9മണിക്ക് പാലക്കാട് ഡി ഡി ഇ എ അബൂബക്കര്‍ പതാക ഉയര്‍ത്തിയതോടെ 56ാമത് റവന്യുജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. 12 ഉപജില്ലകളില്‍ നിന്നായി 226 ഇനങ്ങളില്‍ ഏഴായിരത്തോളം കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരക്കുന്നത്.
മേളയുടെ ആദ്യ ദിനത്തില്‍ ആലത്തൂര്‍ ഉപജില്ലയാണ് മുന്നേറുന്നത്. ജനറല്‍ യു പി, എച്ച് എസ്, എസ് എസ് എന്നീ വിഭാഗങ്ങളില്‍ നേരിയ പോയിന്റുകള്‍ക്ക് വ്യത്യാസത്തിലാണ് ആലത്തൂര്‍ ഉപജില്ല മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് മൂലം രാത്രി ഏറെ വൈകിയും മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അറബിക് കലോത്സവത്തില്‍ മണ്ണാര്‍ക്കാടും, ചെര്‍പ്പുളശ്ശേരിയും ഉള്‍പ്പെടെയുളള സബ്ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ് തുടരുന്നത്.
സംസ്‌കൃതോല്‍സവത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പോയിന്റുകള്‍ മാറിമറിഞ്ഞ് കൊണ്ടിരിക്കുകയാണ്.