ബാബുവിന്റെ വീട്ടില്‍ സാന്ത്വന സ്പര്‍ശമായി മുഖ്യമന്ത്രി

Posted on: December 29, 2015 6:00 am | Last updated: December 28, 2015 at 11:45 pm
SHARE
ബാണാസുരസാഗര്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബുവിന്റെ         വീട്ടിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനസഹായം നല്‍കുന്നു
ബാണാസുരസാഗര്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ
യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബുവിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനസഹായം നല്‍കുന്നു

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബു (28)വിന്റെ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ പത്തരക്കുന്ന് അംബേദ്കര്‍ കോളനിയിലെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സര്‍ക്കാറിന്റെ ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. ബാണാസുരസാഗറില്‍ മുങ്ങിമരിച്ച കാവുംമന്ദം അങ്ങാടിയിലെ പത്തായക്കോടന്‍ റഊഫിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ധനസഹായമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അംബേദ്കര്‍ കോളനിയിലെ കൂലിപ്പണിക്കാരായ വാസുവിന്റെയും അനിതയുടെയും മകനായ ബാബു നിര്‍ധന കുടുംബത്തിന്റെ താങ്ങായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്ന ബാബുവിന് നാല് സഹോദരങ്ങളാണ്. ജോലി ചെയ്തുകിട്ടുന്നത് സ്വരൂപിച്ചുകൂട്ടി ഗള്‍ഫിലേക്ക് പോയി കുടുംബത്തെ കരകയറ്റാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു ബാബു. അതിനിടെയാണ് സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ ബാണാസുരസാഗറിലേക്ക് എടുത്തുചാടി ജീവന്‍ പൊലിഞ്ഞത്. കാവുംമന്ദം അങ്ങാടിയിലെ വ്യാപാരി പത്തായക്കോടന്‍ മമ്മൂട്ടിയുടെയും നബീസയുടെയും മകനായ റഊഫ് കോതമംഗലം എം എ കോളജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക് നേടി വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മുഖ്യമന്ത്രിയോടൊപ്പം എം ഐ. ഷാനവാസ് എം പി, എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ മിനി, കെ ബി നസീമ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here