ബഹിരാകാശ ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം വൈകും

Posted on: December 27, 2015 11:24 pm | Last updated: December 27, 2015 at 11:24 pm
SHARE

scienceതിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന ഇന്ത്യയുടെ ആദ്യ പരീക്ഷണ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വൈകും. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനം. തുമ്പയിലെ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നിര്‍മിച്ച ആര്‍ എല്‍ വി – ടി ഡി (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍- ടെക്‌നോളജി ഡെമോന്‍സ്‌ട്രേറ്റര്‍) എന്ന ബഹിരാകാശ പേടകത്തിന്റെ ദിശാനിയന്ത്രണ സംവിധാനത്തിന്റെ വാല്‍വില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലാണ് വിക്ഷേപണം വൈകുന്നത്. പുതിയ നിയന്ത്രണ സംവിധാനം തയാറാക്കിയ ശേഷമേ വിക്ഷേപണം നടത്താനാകൂ എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബഹിരാകാശത്തേക്ക് പറന്നുയരുന്ന സ്‌പേസ് ഷട്ടില്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചുവടുവെപ്പാണിത്. ആര്‍ എല്‍ വി- ടി ഡി ഷട്ടില്‍ നിയന്ത്രിക്കാനുള്ള ആക്ടിവേറ്ററിലെ വാല്‍വിനാണ് തകരാര്‍ കണ്ടെത്തിയത്. പേടകത്തിന്റെ നിയന്ത്രണം ഇത്തരം നൂറോളം ഹൈഡ്രോളിക് വാല്‍വുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഒരെണ്ണത്തിന് നിശ്ചിത നിലവാരമില്ലെന്നാണ് ക്വാളിറ്റി ഡിസൈന്‍ റിവ്യൂ ടീം കണ്ടെത്തിയത്. ഒരു പൈപ്പ് ലൈനിലാണ് പിഴവ് കണ്ടെത്തിയതെങ്കിലും നിയന്ത്രണ സംവിധാനത്തിലെ മുഴുവന്‍ ലൈനുകളും മാറ്റി പുതിയത് സ്ഥാപിക്കേണ്ടിവരും.
വി എസ് എസ് സി രൂപകല്‍പ്പന ചെയ്തു നല്‍കിയ വാല്‍വ് സ്വകാര്യ കമ്പനിയാണ് നിലവാരം ഉറപ്പാക്കി നിര്‍മിച്ചുനല്‍കേണ്ടത്. ഗുണനിലവാരം ഉറപ്പാക്കി യശേഷം അംഗീകാരം വാങ്ങി വിക്ഷേപണ സജ്ജമാണെന്ന് ഉറപ്പാക്കുന്ന സമിതിയുടെ അനുമതികൂടി ലഭിച്ചാല്‍ പിന്നെ പേടകം പറന്നുയരുന്നതിന് തടസ്സമുണ്ടാകില്ല. പിഴവ് പരിഹരിച്ച് സ്‌പേസ് ഷട്ടില്‍ എത്രയും വേഗം വിക്ഷേപണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാവും പേടകം പറന്നുയരുക. ഒന്നര ടണ്‍ ഭാരമുള്ള സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയിച്ചാല്‍ അത് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുതല്‍ക്കൂട്ടാകും. ബഹിരാകാശത്ത് രാജ്യത്തിന്റെ സാന്നിധ്യമുറപ്പിക്കുന്നതിനും അവിടേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചിറകുകളുള്ള വിക്ഷേപണ വാഹനമാണ് ആര്‍ എല്‍ വി- ടി ഡി ഒരു റോക്കറ്റ് ഉപയോഗിച്ച് ഭൗമോപരിതലത്തില്‍ നിന്നും 70 കി.മീ ഉയരത്തിലാകും ഷട്ടിലിനെ എത്തിക്കുക. റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന വിക്ഷേപണ വാഹനം വിമാനമെന്ന പോലെ തിരിച്ച് കടലില്‍ ഇറക്കും. അടുത്തഘട്ടത്തില്‍ പേടകത്തെ കരയില്‍ത്തന്നെ തിരിച്ചിറക്കാനാണ് ഐ എസ് ആര്‍ ഒയുടെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here