കണ്ണൂരില്‍ നിന്ന് ഗള്‍ഫ് വിമാനങ്ങള്‍ സെപ്തംബറില്‍

Posted on: December 27, 2015 12:26 am | Last updated: December 29, 2015 at 12:47 am

saji12ദോഹ :നിര്‍മാണം പൂര്‍ത്തിയാകുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അടുത്ത വര്‍ഷം സെപ്തംബറില്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി ചന്ദ്രമൗലി അറിയിച്ചു. എയര്‍ ഇന്ത്യക്കു പുറമെ വിദേശ വിമാന കമ്പനികളുടെ സര്‍വീസും ആരംഭത്തില്‍ ഉണ്ടാകും. എമിറേറ്റ്‌സ് വിമാനം ഇതിനകം കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നതിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഖത്വര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാന കമ്പനികള്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണ്. ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളും ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് നടത്തുമെന്നും സിറാജിന് അനുവദിച്ച ടെലിഫോണ്‍ സംഭാഷണത്തില്‍ ചന്ദ്രമൗലി പറഞ്ഞു. ഗള്‍ഫ് നാടുകളെയാണ് കണ്ണൂര്‍ വിമാനത്താവളം പ്രധാന കൊമേഴ്‌സ്യല്‍ സര്‍വീസ് ഡസ്റ്റിനേഷനുകളായി പരിഗണിക്കുന്നത്. ഗള്‍ഫിലെ എല്ലാ വിമാന കമ്പനികള്‍ക്കും സര്‍വീസ് നടത്താന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. കണ്ണൂരിലേക്കു പറക്കാന്‍ ഗള്‍ഫ് വിമാനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലവുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരേ സമയം എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വിമാനക്കമ്പനികളുമായുള്ള മീറ്റിംഗുകള്‍ നടന്നു വരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രാലയമാണ്. തീരുമാനം അനുസരിച്ച് വിമാനത്താവളത്തില്‍ അവസരങ്ങള്‍ അനുവദിക്കും. എമിറേറ്റ്‌സ് വിമാനം കണ്ണൂര്‍ സര്‍വീസ് ഉറപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക തീരുമാനമാണ് വരാനുള്ളത്. സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ രണ്ടോ മൂന്നോ ഗള്‍ഫ് വിമാനങ്ങള്‍ കണ്ണൂരില്‍നിന്നു പറക്കും. ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസിന് സാധ്യത കൂടുതലാണ്. ഗള്‍ഫിലെ ബജറ്റ് വിമാനങ്ങളുമായും സര്‍വീസ് ചര്‍ച്ചകള്‍ നടക്കുന്നു. ഗള്‍ഫിനു പുറത്ത് യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടാകും.
വിമാനത്താവളത്തിന്റെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അടുത്ത മാസം പരീക്ഷണപ്പറക്കല്‍ നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. സെപ്തംബറിനു മുമ്പ് രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകും. രാജ്യാന്തര സര്‍വീസുകള്‍ക്കൊപ്പം ആഭ്യന്തര സര്‍വീസുകളും ആരംഭിക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അന്തിമ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഗള്‍ഫ് മലയാളികള്‍ക്ക് പ്രിയപ്പെട്ട എയര്‍പോര്‍ട്ടായി കണ്ണൂര്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തങ്ങള്‍ കണ്ണൂരിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന ജെറ്റ് എയര്‍വേയ്‌സ് ഖത്വര്‍ പ്രതിനിധി പറഞ്ഞു. ഗള്‍ഫ് വിമനങ്ങള്‍ കണ്ണൂരിലേക്ക് പറക്കാന്‍ മത്സരിക്കുകയാണ്. ഈ ഘട്ടത്തില്‍ കോഴിക്കോട് സര്‍വീസ് ശക്തിപ്പെടുത്തി യാത്രക്കാരെ പിടിച്ചു നിര്‍ത്താനാണ് തങ്ങളുടെ ശ്രമമെന്ന് കണ്‍ട്രി സെയില്‍സ് മാനേജര്‍ പറഞ്ഞു. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സുമായി കോഡ് ഷെയര്‍ ചെയ്ത് ഇന്ത്യന്‍ നഗരങ്ങളിലേക്കു പറക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സിന് കണ്ണരിലേക്ക് സര്‍വീസുണ്ടാകും. അതുകൊണ്ടു തന്നെ മറ്റു നഗരങ്ങളെ ബന്ധിപ്പിച്ചു യാത്ര ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റില്‍ കണ്ണൂരില്‍ ഇറങ്ങാന്‍ സാധിക്കും.
ജെറ്റിനു പുറമേ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് സ്വകാര്യ വിമാനങ്ങളും ഗള്‍ഫില്‍ നിന്നും എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, കുവൈത്ത് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, സഊദി എയര്‍ലൈന്‍സ് വിമാനങ്ങളുമായും കണ്ണൂര്‍ സര്‍വീസ് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.