Connect with us

Malappuram

പൊന്നാനിയില്‍ കഞ്ചാവ് മാഫിയ വീണ്ടും സജീവം

Published

|

Last Updated

പൊന്നാനി: പോലീസ് നടപടിയെ തുടര്‍ന്ന് പൊന്നാനി തീരദേശത്ത് അമര്‍ച്ച ചെയ്യപ്പെട്ട കഞ്ചാവ് മാഫിയ വീണ്ടും തലപൊക്കുന്നു. പോലീസ് നടപടിയില്‍ അയവുണ്ടായതാണ് കഞ്ചാവ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം.
പൊന്നാനി പോലീസ് സ്റ്റേഷനില്‍ എസ് ഐ ആയിരുന്ന ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ ശക്തമായ കര്‍മ്മപരിപാടിയാണ് കഞ്ചാവ് മാഫിയക്കെതിരെ പ്രയോഗിച്ചത്. ഇതേ തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയിലാവുകയും ശേഷിക്കുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ അകപ്പെടുകയും ചെയ്തു. ആറു മാസത്തിനിടെ പതി നഞ്ചോളം പേരാണ് കഞ്ചാവ് വില്‍പ്പനക്കിടെ അറസ്റ്റിലായത്. നിരന്തര റെയ്ഡുകളും പോലീസ് നടപടികളും തുടര്‍ന്നു. കഞ്ചാവ് വില്‍പ്പന സംഘം പൂര്‍ണമായും മാളത്തിലേക്ക് ഒതുങ്ങിയ സാഹചര്യത്തിലാണ് പോലീസ് നടപടികള്‍ക്ക് നേതൃത്വമേകിയ എസ്‌ഐ ശശീന്ദ്രന്‍ മേലേയിലിന് പെടുന്നനെ സ്ഥലമാറ്റമുണ്ടായത്. കഴിഞ്ഞ ഒരു മാസമായി കഞ്ചാവ് മാഫിയക്കെതിരെയുള്ള നടപടികള്‍ നിലച്ചതോടെ മാളത്തിലേക്ക് വലിഞ്ഞ വില്‍പ്പന സംഘം വീണ്ടും സജീവമായിരിക്കുകയാണെന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് കഴിഞ്ഞ ദിവസം വെളിയങ്കോട് അങ്ങാടിയിലെ വ്യാപാരസ്ഥാപനത്തില്‍ കയറി മുളക് പൊടി വിതറി യുവാവിനെ മര്‍ദ്ദിച്ച സംഭവം കഞ്ചാവ് മാഫിയയുടെ തിരുച്ചു വരവാണ് പ്രകടമാക്കുന്നത്. കഞ്ചാവ് വില്‍പ്പന സംഘത്തിന് ശക്തമായ സ്വാധീനമുള്ള വെളിയങ്കോട് തീരദേശ മേഖലയില്‍ ജനകീയ പിന്തുണയോടെ കര്‍ശന നടപടികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് സ്വീകരിച്ചിരുന്നത്. പോലീസിന്റെ ഭാഗത്ത് നിസംഗത വെളിവായതോടെയാണ് കഞ്ചാവ് മാഫിയ പോലീസിനെ സഹായിച്ച നാട്ടുകാരുടെ മേല്‍ മെക്കിട്ടുകയറുന്ന രീതി ആരംഭിച്ചിരിക്കുന്നത്. പോലീസിന് തങ്ങളെ ഒറ്റിക്കൊടുത്തുവെന്ന കാരണം പറഞ്ഞ് പൊന്നാനിയുടെ പല ഭാഗത്തും കഞ്ചാവ് വില്‍പ്പനക്കാര്‍ അഴിഞ്ഞാട്ടം നടത്തിയതായി പരാതിയുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങാതിരുന്ന കഞ്ചാവ് കച്ചവടക്കാര്‍ ഇപ്പോള്‍ പരസ്യവില്‍പ്പന ആരംഭിച്ചതായി തീരവാസികള്‍ പറയുന്നു. കനോലി കനാലിന്റെ തീരങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും പഴയ രൂപത്തില്‍ ശക്തിപ്പെട്ടതായി ഇവിടത്തുകാര്‍ പരാതിപ്പെടുന്നു. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നൂറിലേറെ കഞ്ചാവ് വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന തോന്നല്‍ ശക്തമായി നിലനിറുത്താന്‍ നേരത്തെ എസ് ഐ ആയിരുന്ന ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചിരുന്നു. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാമെന്ന വിചാരമായിരുന്ന ഇവരെ കഞ്ചാവ് വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിച്ചത്. കഞ്ചാവ് വില്‍പ്പന സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. പോലീസ് നടപടി ശക്തമാക്കിയാല്‍ കഞ്ചാവ് വില്‍പ്പന പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്ന് ലഹരി വിരുദ്ധപ്രവര്‍ത്തകര്‍ പറയുന്നു.