സിറ്റിയെ ആഴ്‌സണല്‍ കീഴടക്കി

Posted on: December 23, 2015 5:33 am | Last updated: December 23, 2015 at 12:35 am

Theo-Walcott-014ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. തിയോ വാല്‍ക്കോട്ട്, ഒലിവര്‍ ജിറൂദ് എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. യാറ ടുറെയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍. പന്തടക്കത്തില്‍ 63 ശതമാനവുമായി സിറ്റി മുന്നിട്ടുനിന്നെങ്കിലും ജയം അകലെയായി. സീസണിലെ സിറ്റിയുടെ അഞ്ചാം തോല്‍വിയാണിത്. 33ാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ടിലൂടെ ആഴ്‌സണലാണ് ആദ്യ ഗോളടിച്ചത്. 20 വാര അകലെ നിന്നുള്ള വാല്‍ക്കോട്ടിന്റെ ഒരു വലംകാല്‍ ഷോട്ട് വലയില്‍കയറി. കെവിന്‍ ഡി ബ്രുയന്‍ മികച്ചൊരു അവസരം നഷ്ടപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു വാല്‍ക്കോട്ടിന്റെ ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ജിറൂദ് ആഴ്‌സണലിന്റെ ലീഡുയര്‍ത്തി. മിസുട്ട് ഓസില്‍ നല്‍കിയ പന്ത് ജിറൂദ് അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. 82ാം മിനുട്ടിലാണ് സിറ്റിയുടെ ഏക ഗോള്‍ പിറന്നത്. അവസാന മിനുട്ടുകളില്‍ ടുറെയും ബില്‍ഫ്രഡ് ബോണിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് സിറ്റിക്ക് തിരിച്ചടിയായി. ലീഗില്‍ പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 38 പോയിന്റുമായി ലീസസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആഴ്‌സണലിന് 36 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 32 പോയിന്റ്.