Connect with us

International

ഇറാഖ് സൈന്യം മുന്നേറ്റം തുടങ്ങി

Published

|

Last Updated

ബഗ്ദാദ്: റമാദി നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം ശക്തമായ മുന്നേറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദി നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഇസിലിന്റെ കൈവശമാണ്. ഇവരെ നേരിടുന്നതിനുള്ള മുന്നേറ്റം ഇന്നലെ രാവിലെ തുടങ്ങിയതായി ഇറാഖ് സൈന്യം അറിയിച്ചു. ഇറാഖ് സൈന്യം മുന്നേറ്റം നടത്തി തുടങ്ങുമ്പോള്‍ തന്നെ ഇവരെ ലക്ഷ്യമാക്കി ഇസില്‍ ശക്തമായ തിരിച്ചടിയും നടത്തുന്നുണ്ട്. സൈന്യത്തെ ലക്ഷ്യമാക്കി ഒരു കാര്‍ ബോംബാക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. റമാദിയുടെ വടക്കുള്ള ദിയാബ് ഗ്രാമത്തിലാണ് ബോംബാക്രമണം. ഇതില്‍ 14 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. മറ്റു 17 പേര്‍ക്ക് പരുക്കേറ്റതായും സൈനിക വക്താക്കള്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി.
അതിനിടെ, മറ്റൊരു സംഭവത്തില്‍ റമാദിക്ക് വടക്കുള്ള ഒരു ജനവാസ സ്ഥലത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മെയിലാണ് ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന റമാദി നഗരം ഇസില്‍ പിടിച്ചെടുക്കുന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 120 കി. മീ മാത്രം ദൂരത്തുള്ള ഈ നഗരം വിവിധ കാരണങ്ങളാല്‍ വളരെയേറെ തന്ത്രപ്രധാനമായ നഗരമായാണ് കണക്കാക്കപ്പെടുന്നത്.
സൈന്യത്തിന്റെ മുന്നേറ്റത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. ഇതില്‍ ഒരു സുപ്രധാന സൈനിക കേന്ദ്രവും ഉള്‍പ്പെടും. റമാദി നഗരത്തിന്റെ നിയന്ത്രണം ഇസിലിന് നഷ്ടപ്പെടുകയാണെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും അതെന്ന് നിരീക്ഷകര്‍ പറയുന്നു.
സൈനിക മേധാവി ഉസ്മാന്‍ അല്‍ ഗനിമി ഇറാഖ് സൈന്യം മുന്നേറ്റം നടത്തുന്നതിനെ കുറിച്ച് രണ്ട് ദിവസം മുമ്പ് സൂചന നല്‍കിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഓപറേഷന്‍ തുടങ്ങുമെന്നായിരുന്നു അദ്ദേഹം ഔദ്യോഗിക ടെലിവിഷനില്‍ വ്യക്തമാക്കിയിരുന്നത്.

Latest