സംസ്ഥാനത്തിന് 30,534 കോടിയുടെ വാര്‍ഷിക പദ്ധതി

Posted on: December 22, 2015 5:36 am | Last updated: December 21, 2015 at 11:36 pm

തിരുവനന്തപുരം : വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 30,534.17 കോടിയുടെ വാര്‍ഷിക പദ്ധതി. ഇതില്‍ 24,000 കോടി രൂപ സംസ്ഥാന വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്. നടപ്പുവര്‍ഷത്തേക്കാള്‍ 16.23 ശതമാനത്തിന്റെ വര്‍ധനയുണ്ട്. വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍ മെട്രൊ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്ക് 2000 കോടി രൂപവകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ ബേക്കല്‍ എയര്‍ സ്ട്രിപ്പിന് 27 കോടിയും ഉള്‍പ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം 20,000 കോടിയാണ് പദ്ധതിവിഹിതമായി നീക്കിവച്ചിരുന്നതെങ്കിലും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അത് 21,573 കോടിയാകും. കേന്ദ്രവിഹിതം ഉള്‍പ്പെടെ ഇത് 26,270.47 കോടിയായി ഉയരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗമാണ് വാര്‍ഷികപദ്ധതിക്ക് രൂപം നല്‍കിയത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി വിഹിതം ചെലവഴിക്കാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ടെന്ന സുപ്രധാന തീരുമാനവും യോഗത്തിലുണ്ടായി. ധനവകുപ്പിന്റെ അനുമതി വൈകുന്നത് പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നുവെന്ന പരാതി കണക്കിലെടുത്താണ്.
പദ്ധതി വിഹിതത്തെ ഗ്രീന്‍ ബുക്ക്, ആംബര്‍ ബുക്ക് എന്നിങ്ങനെ രണ്ടായി തിരിക്കും. ഇതില്‍ പദ്ധതിയുടെ 25 ശതമാനം ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെടുത്തും. അത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ഫണ്ട് ഏപ്രില്‍ ഒന്ന് മുതല്‍ വകുപ്പുകള്‍ക്ക് ചെലവഴിച്ചുതുടങ്ങാം. അതിനു ധനവകുപ്പിന്റെ നിയന്ത്രണങ്ങളോ അനുമതിയോ ആവശ്യമുണ്ടാവില്ല. അതുപോലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് മാര്‍ച്ച് അവസാനം തിടുക്കപ്പെട്ട് തീര്‍ക്കേണ്ട കാര്യമില്ലെന്നും നിര്‍ദേശമുണ്ട്.
അടുത്ത മാര്‍ച്ചിനുള്ളില്‍ പദ്ധതി വിഹിതം ഉപയോഗിച്ചാല്‍ മതിയാകും.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 4800 കോടിയില്‍ നിന്ന് 5500 കോടിയായി ഉയര്‍ത്തി. ഇതില്‍ 5000 കോടി പദ്ധതിവിഹിതമായിരിക്കും. ബാക്കി 500 കോടി കോര്‍പ്പറേഷനുകള്‍ക്കും ജില്ലാപഞ്ചായത്തുകള്‍ക്കും ഖര-ദ്രവ മാലിന്യനിര്‍മാര്‍ജനം, ശ്മശാനം, സെമിത്തേരി, അറവുശാല എന്നിവയുടെ നിര്‍മ്മാണത്തിനായി നല്‍കും. ഇത്തരത്തിലുണ്ടാകുന്ന ചെലവില്‍ 70 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
30 ശതമാനം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഈ വ്യവസ്ഥയിലാണ് 500 കോടി അധികം നല്‍കുന്നത്. ഇതില്‍ 50 ശതമാനവും മാലിന്യനിര്‍മാര്‍ജനത്തിനാണ്.
അതോടൊപ്പം വിവിധ വകുപ്പുകള്‍ അവരുടെ പദ്ധതിവിഹത്തില്‍ നിന്നു തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ട ഫണ്ട് നല്‍കി അവരുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള രീതിക്കാണ് ആസൂത്രണബോര്‍ഡ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.