Connect with us

Articles

അന്താരാഷ്ട്ര സംഘടനകള്‍ അഥവാ ബഹുരാഷ്ട്ര കുത്തകകള്‍

Published

|

Last Updated

ബഹുരാഷ്ട്ര കമ്പനികള്‍ കഴിഞ്ഞാല്‍ ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് അന്താരാഷ്ട്ര സംഘടനകളും സംവിധാനങ്ങളുമാണ്. യു എന്നും അതിന്റെ അനേകം പോഷക സംവിധാനങ്ങളും തന്നെയാണ് ഈ അന്താരാഷ്ട്ര സംവിധാനങ്ങളില്‍ ഏറ്റവും പ്രധാനം. പിന്നെ ലോക വ്യാപാര സംഘടനയും ലോകബേങ്കും ലോക നാണയ നിധിയുമൊക്കെയുണ്ട്. ഒന്നിലധികം രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ജി 20, ജി 33, നാറ്റോ, ലാറ്റിനമേരിക്കന്‍ സഹകരണ കൗണ്‍സില്‍, സാര്‍ക്ക്, ആസിയാന്‍, ഷാംഗ്ഹായി സഹകരണ സഖ്യം തുടങ്ങിയ അനവധി സംവിധാനങ്ങള്‍ വേറെയുമുണ്ട്. ഇവക്കൊക്കെ വ്യത്യസ്തമായ സാമ്പത്തിക, രാഷ്ട്രീയ, സൈനിക അജന്‍ഡകളാണുള്ളത്. ആഗോള സുരക്ഷിതത്വമാണ് യു എന്നിന്റെയും അനുബന്ധ സംഘങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യം. തര്‍ക്കങ്ങളില്‍ ഇടപെടുകയും എല്ലാവര്‍ക്കും സ്വീകാര്യമായ തീര്‍പ്പുകള്‍ സാധ്യമാക്കുകയും ചെയ്യുകയെന്ന കടമ അതില്‍ നിക്ഷിപ്തമാണ്. യു എന്‍ ഇടപെടണമെന്ന് വിവിധ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഇന്നും മുറവിളികള്‍ ഉയരാറുണ്ട്. ദുര്‍ബലരായ രാഷ്ട്രങ്ങളിലെ അതിനേക്കാള്‍ ദുര്‍ബലരായ മനുഷ്യര്‍ യു എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ ചരിത്രവിരുദ്ധമാണെന്ന് പറയാതെ വയ്യ. വന്‍ ശക്തികളായ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നിവയുടെ സമ്പൂര്‍ണ നടത്തിപ്പില്‍ നിലകൊള്ളുന്ന സംവിധാനമാണ് എക്കാലത്തും യു എന്‍. അതിന്റെ പിറവി മുതല്‍ കാതലായ ഒരു പരിഷ്‌കരണത്തിനും അത് വിധേയമായിട്ടില്ല. ഇന്ത്യടക്കമുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്കൊന്നും അവിടെ നിര്‍ണായകമായ സ്വാധീനമില്ല. വീറ്റോ അധികാരം പോലുള്ള ജനാധിപത്യവിരുദ്ധ ഏര്‍പ്പാടുകളുടെ തടവറയിലാണ് ഈ ആഗോള സംഘടന. അത്‌കൊണ്ട് തന്നെ ഇവിടെ നിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ആഹ്വാനങ്ങളും തീരുമാനങ്ങളും ഏകപക്ഷീയവും നിരവധി കുടുസ്സ് താത്പര്യങ്ങള്‍ പേറുന്നതുമാകുന്നു. ജനിതക സവിശേഷതയായതിനാല്‍ ഈ അംഗവൈകല്യം അങ്ങനെയങ്ങ് മാറ്റിയെടുക്കുക എളുപ്പവുമല്ല.
ഈ കാഴ്ചപ്പാടുകള്‍ക്ക് അടിവരയിടുന്ന രണ്ട് ഉച്ചകോടികള്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ കടന്നു പോയി. അതില്‍ ഏറ്റവും ഒടുവിലത്തേത് നെയ്‌റോബിയില്‍ നടന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല ഉച്ചകോടിയായിരുന്നു. വെള്ളിയാഴ്ച അവസാനിക്കേണ്ട ഉച്ചകോടിയുടെ സമയം നീട്ടുമെന്നാണ് ഇതെഴുതുമ്പോള്‍ വന്ന വാര്‍ത്ത. ദോഹ റൗണ്ട് ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് വ്യാപാര ഉടമ്പടിയെ കൊണ്ടു പോകുന്നത് ചര്‍ച്ച ചെയ്യാന്‍ വേദിയായി ആഫ്രിക്കന്‍ മണ്ണ് തിരഞ്ഞെടുത്തതില്‍ ചില നിരീക്ഷകര്‍ പ്രതീകാത്മകമായ ശരികള്‍ കണ്ടിരുന്നു. എന്നാല്‍ എവിടെ ചേര്‍ന്നാലും ഈ അന്താരാഷ്ട്ര സംഘടനയും അതിന്റെ ജനിതക ഗുണം പ്രകടമാക്കുമെന്ന് നെയ്‌റോബി വട്ട ചര്‍ച്ചയും വ്യക്തമാക്കുന്നു. വ്യാപാര മേഖല കൂടുതല്‍ തുറന്നിടുക തന്നെയായിരുന്നു ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു. ഇത്തവണ പക്ഷേ അജന്‍ഡ തൊട്ടു തന്നെ തര്‍ക്കം തുടങ്ങി. ദോഹാ വട്ട ചര്‍ച്ചയില്‍ ഊന്നിയാകണം മുന്നോട്ട് പോകേണ്ടതെന്ന് വികസ്വര രാജ്യങ്ങള്‍ വാദിച്ചു. എന്നാല്‍ വികസ്വര ചേരിക്ക് മേല്‍ക്കൈ നേടിയ ദോഹ വട്ടത്തെ അപ്പടി മാറ്റിവെച്ച് പുതിയ തലത്തില്‍, പുതിയ അജന്‍ഡക്ക് പുറത്തായിരിക്കണം എന്നായിരുന്നു അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിത ചേരിയുടെ ശാഠ്യം. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളെല്ലാം ചരക്കിന്റെ നിര്‍വചനത്തില്‍ വരണമെന്ന് അജന്‍ഡയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇത്തവണയും കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. വികസിത രാജ്യങ്ങള്‍ സബ്‌സിഡി നല്‍കി ഉത്പാദിപ്പിച്ചെടുത്ത, വില താഴ്ത്തി വില്‍ക്കാന്‍ സാധിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് തങ്ങളുടെ കര്‍ഷകരെ രക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകണമെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ വികസ്വര ചേരി ശക്തമായി വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ തയ്യാറായില്ല. അതോടെ കൃത്യമായ ധാരണയില്ലാതെ ഉച്ചകോടി പിരിയുകയെന്ന സ്വാഭാവിക പരിണതി നെയ്‌റോബിയിലും സംഭവിക്കുകയാണ്. എന്ത്‌കൊണ്ടാണ് കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ പരിരക്ഷ തേടുന്നത്? ചരിത്രപരമായ വസ്തുതകളുടെ സഹായത്തോടെ മാടെ അഞ്ച് വയസ്സിന് താഴെയുള്ള നാലില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. എന്ത്‌കൊണ്ടാണ് ഇങ്ങനെ? ലോകത്തെ തീറ്റിപ്പോറ്റുകയെന്നത് കൂറ്റന്‍ ബിസിനസ്സായി മാറിയിരിക്കുന്നു എന്നതാണ് ഉത്തരം. ബഹുരാഷ്ട്ര കമ്പനികളാണ് ലോകം എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത്. ക്രാഫ്റ്റ്, കോണ്‍ആഗ്ര, കാര്‍ഗില്‍, പെപ്‌സ്‌കോ തുടങ്ങിയ കമ്പനികള്‍ ലോകത്തെവിടെ വിളയുന്ന ധാന്യത്തിന്റെയും ഉടമകളായി മാറുന്നു. അവരുടെ സംഭരണപ്പുരകളില്‍ കയറാതെ ഒരു മണിയും പുറത്തെത്തുന്നില്ല. വലിയ സംഭരണ ശേഷിയുണ്ടവര്‍ക്ക്. കര്‍ഷകര്‍ക്ക് അതില്ല. മൊത്തമായി ഇത്തരം കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു. തുച്ഛമായ വിലക്ക്. മണ്ണില്‍ പണിയെടുത്തവന്‍ നിസ്സഹായനാണ്. കാത്തിരിക്കാന്‍ അവന് സാധ്യമല്ല. വിലപേശാനുള്ള ശക്തിയില്ല. ഇങ്ങനെ അടിച്ചു മാറ്റുന്ന ധാന്യങ്ങള്‍ ക്ഷാമ കാലത്ത് കഴുത്തറപ്പന്‍ വിലക്ക് തിരിച്ച് കമ്പോളത്തില്‍ എത്തുന്നു. കൊളോണിയല്‍ കാലത്ത് മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കൊള്ളയടിച്ച് കൊണ്ടു പോയി വ്യാവസായിക വിപ്ലവം ഉണ്ടാക്കിയതിന് തുല്യമാണ് ഇത്.
നവ ഉദാരവത്കരണത്തെ അപ്പടി പിന്തുണക്കുന്ന ബി ജെ പിയുടെ നേതാവ് നിര്‍മല സീതാരാമന്‍ ഈ വിഷയത്തെ ഈ അര്‍ഥത്തിലും തീവ്രതയിലും നെയ്‌റോബിയില്‍ ഉന്നയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. പക്ഷേ ചില ഇടപെടലുകള്‍ അവര്‍ നടത്തി. ഭക്ഷ്യ സുരക്ഷയെ മുന്‍ നിര്‍ത്തി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാറുകളെ അനുവദിക്കണമെന്ന് ഇന്ത്യയുള്‍പ്പെടുന്ന ജി 33 സഖ്യം വാദിച്ചു. എന്നാല്‍ ഉദാരവത്കരണ, കമ്പോള നയത്തിന് എതിരാണ് ഈ വാദമെന്നാണ് വികസിത ചേരി പറയുന്നത്. മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതിക വിദ്യയും അത്യുത്പാദന വിത്തിനങ്ങളും ഉപയോഗിച്ച് ഉത്പാദിപ്പിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ അതിര്‍ത്തി കടന്നെത്തുമ്പോള്‍ വികസ്വര രാജ്യങ്ങളിലെ നാമമാത്ര കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. പുറത്ത് നിന്നു വരുന്ന ഉത്പന്നങ്ങളാകട്ടേ വന്‍ സബ്‌സിഡിയുടെ അഹങ്കാരത്തോടെയാണ് കടന്നു വരുന്നത്. അവര്‍ക്ക് എത്ര വില കുറച്ചും വില്‍ക്കാനാകും. ഈ മത്സരത്തില്‍ നിന്ന് ആഭ്യന്തര ഉത്പന്നങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ ചില ഘട്ടങ്ങളിലെങ്കിലും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നേ വികസ്വര ചേരി ആവശ്യപ്പെട്ടിട്ടുള്ളൂ. തുറന്ന കമ്പോള നയത്തിന്റെ അടിസ്ഥാനപരമായ നിരാകരണമാണ് ഈ ആവശ്യമെന്ന് പ്രഖ്യാപിച്ച് തള്ളിക്കളയുകയാണ് നെയ്‌റോബിയിലും അമേരിക്കയും കൂട്ടാളികളും ചെയ്തത്. സ്‌പെഷ്യല്‍ സേഫ്ഗാര്‍ഡ് മെഷേര്‍സ് (എസ് എസ് എം) എന്നാണ് ഈ സംരക്ഷണ സംവിധാനങ്ങളെ സാങ്കേതികമായി പറയുന്നത്.
എസ് എസ് എമ്മുകളില്‍ വികസിത, വ്യാവസായിക രാഷ്ട്രങ്ങളില്‍ ഇത്ര ശാഠ്യം പിടിക്കുന്നത് എന്തിനാണ്? ഉത്തരം ലളിതമാണ്. വികസ്വര രാഷ്ട്രങ്ങളുടെ ശക്തി (ഒരു വേള ദൗര്‍ബല്യവും) കാര്‍ഷിക മേഖലയും പ്രകൃതിയുമാണ്. ജനനിബിഡമായ രാജ്യങ്ങള്‍ എന്ന നിലയില്‍ അവരുടെ പ്രധാന തൊഴില്‍ദായക മേഖലയും അത് തന്നെ. മനുഷ്യശേഷി ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുക കാര്‍ഷിക മേഖലയിലാണ്. ഇവിടെ വികസ്വര രാജ്യങ്ങളുടെ മത്സരക്ഷമത ഒരിക്കലും ഉയരാന്‍ പാടില്ല. വിപണി തുറക്കുമ്പോള്‍ വ്യാവസായിക രംഗത്ത് സ്വാഭാവികമായും വികസിത രാജ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നുണ്ട്. കാര്‍ഷിക രംഗത്തും ഇത് തുടരണം. പ്രത്യേക പരിരക്ഷകളെ ഡബ്ലിയു ടി ഒ ഉച്ചകോടിയില്‍ വികസിത ചേരി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതിന്റെ പൊരുളതാണ്. പഴയ കൊളോണിയല്‍ മേധാവിത്വം അപ്പടി നിലനിര്‍ത്താനുള്ള ഉപാധിയായി ഡബ്ലിയു ടി ഒയെ മാറ്റുകയാണ് വന്‍ ശക്തികള്‍ ചെയ്യുന്നത്. ഒരു അന്താരാഷ്ട്ര സംഘടന എന്നതില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനി (മള്‍ട്ടി നാഷനല്‍ കോര്‍പറേഷന്‍) ആയി അധഃപതിക്കുകയാണ് ലോക വ്യാപാര സംഘടന. എന്ത് നഷ്ടങ്ങളുണ്ടെങ്കിലും ഇവിടെ ശക്തമായ പ്രതിരോധം ഉയര്‍ത്തുക മാത്രമാണ് വികസ്വര ചേരിക്ക് മുമ്പിലുള്ള പോംവഴി.
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലും അമേരിക്കന്‍ ചേരിയുടെ മേധാവിത്വവും മുഷ്‌കും തന്നെയാണ് കണ്ടത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് നിയന്ത്രിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറക്കുകയും വേണം. പക്ഷേ, ഉത്തരവാദിത്വം തുല്യമായി വീതിക്കുകയാണോ വേണ്ടത്? ഉത്തരവാദിത്വം തുല്യമാണോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചകം ആഗോള താപനമാണ്. ഈ ആഗോളതാപനമാകട്ടേ താരതമ്യം ചെയ്യുന്നത് വ്യാവസായിക വിപ്ലത്തിന്റെ മുമ്പും പിമ്പുമെന്നാണ്. ആഗോള താപനത്തിന്റെ വര്‍ധനയുടെ തോത് വ്യവസായിക വിപ്ലവ കാലത്തേക്കാള്‍ രണ്ട് ഡിഗ്രി കുറയ്ക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. വ്യാവസായിക വിപ്ലവം താനേയങ്ങ് ഉണ്ടായതല്ല. ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു പോയ അസംസ്‌കൃത വസ്തുക്കളാണ് ഈ വിപ്ലവത്തിന് അസ്തിവാരമിട്ടത്. മാത്രമോ? വന്‍കിട വ്യവസായിക രാഷ്ട്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിച്ച് തീര്‍ത്താണ് ഇന്നത്തെ നില കൈവരിച്ചത്. ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്താണ് അവര്‍ വികസിത രാഷ്ട്രങ്ങളായി മാറിയത്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ പുതുതായി വ്യവസായിക പുരോഗതി നേടി വരുന്നവയാണ്. അത്‌കൊണ്ട് ഈ ഘട്ടത്തില്‍ അവരോട് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ശഠിക്കുന്നത് നീതിയല്ല. മാത്രമല്ല, ബദല്‍ സാങ്കേതിക വിദ്യ ആര്‍ജിക്കാനുള്ള സാമ്പത്തിക ശേഷിയും അവര്‍ക്കില്ല. അത്‌കൊണ്ട് ഒന്നുകില്‍ അവര്‍ക്ക് സാവകാശം അനുവദിക്കണം. അല്ലെങ്കില്‍ വന്‍കിട രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരമോ ബദല്‍ ആവിഷ്‌കരിക്കാനുള്ള സാമ്പത്തിക സഹായമോ നല്‍കണം. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ വര്‍ത്തമാനകാല കണക്കുകള്‍ മാത്രം നോക്കിയാല്‍ പോര. ചരിത്രം കൂടി കണക്കിലെടുക്കണം. ഇതാണ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വികസ്വര ചേരിയുടെ കാഴ്ചപ്പാട്. ഇത് സ്വീകരിക്കാന്‍ വന്‍കിടക്കാര്‍ തയ്യാറായില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ എല്ലാവരും ഒരു പോലെ അനുഭവിക്കുന്നു, അത്‌കൊണ്ട് അതിന്റെ ഉത്തരവാദിത്വവും തുല്യമായി വീതിക്കപ്പെടണമെന്നാണ് വികസിത രാജ്യങ്ങളുടെ ലളിത യുക്തി. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീരുന്ന 2020ല്‍ നിലവില്‍ വരാന്‍ പാകത്തില്‍ ഒരു ഉടമ്പടി പാരീസില്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്. ഉടമ്പടിയില്‍ നിറയെ വൈരുധ്യങ്ങളാണ്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടോ? വ്യക്തമായ ഉത്തരമില്ല. വികസ്വര രാജ്യങ്ങള്‍ക്കുള്ള പരിഹാര ഫണ്ടിലേക്ക് ആരൊക്കെ സംഭാവന ചെയ്യണം. വ്യക്തതയില്ല. ഈ അവ്യക്തതകള്‍ മുഴുവന്‍ അവശേഷിപ്പിച്ചിരിക്കുന്നത് വികസിത, വ്യാവസായിക രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയാണ്. ശാക്തിക ബലാബലത്തിന് ഒരു പരുക്കും ഏല്‍ക്കുന്നില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്