മെയ്ഡ് ഇന്‍ ഖത്വര്‍ സ്‌പോര്‍ട്‌സ് കാര്‍ അടുത്ത മാസം ഇറങ്ങും

Posted on: December 18, 2015 6:00 pm | Last updated: December 18, 2015 at 6:54 pm

ദോഹ: ഖത്വര്‍ നിര്‍മിക്കുന്ന ആദ്യ സ്‌പോര്‍ട്‌സ് കാര്‍ അടുത്ത മാസം പുറത്തിറക്കും. നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് അലിബ്രിയ ഓട്ടോമോട്ടീവ് അറിയിച്ചു.
ഒക്‌ടോബറില്‍ ഇറക്കാമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചത്. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന ഖത്വര്‍ മോട്ടോര്‍ ഷോയില്‍ കാര്‍ അവതരിപ്പിക്കും. ആദ്യമായാണ് ഇത്ര മികച്ച വാഹനം ഖത്വറില്‍ ഇറക്കുന്നതെന്നും ഇത് രാജ്യത്തിന് തന്നെ അഭിമാനമാണെന്നും അലിബ്രിയ ഓട്ടോമോട്ടീവ് സ്ഥാപകന്‍ അബ്ദുല്‍ വഹാബ് സിയാഉല്ല പറഞ്ഞു. ഖത്വറിലെയും മേഖലയിലെയും കാര്‍പ്രേമികളെ ഇത് ആകര്‍ഷിക്കും. ലോകതലത്തില്‍ തന്നെ ഇത് ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷ.
ഖത്വറിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി. ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട് ധനസഹായം നല്‍കി. ഖത്വറിലെ ഏറ്റവും വലിയ ബ്രാന്‍ഡ് അലി ബിന്‍ അലി ആണ് സ്‌പോണ്‍സര്‍മാര്‍.