Connect with us

Gulf

ശൈത്യകാല അവധി; വിദ്യാലയങ്ങള്‍ അടച്ചു

Published

|

Last Updated

ഷാര്‍ജ: മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ശൈത്യകാല അവധിക്കായി രാജ്യത്തെ ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഇന്നലെ അടച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ജനുവരി 10ന് തുറക്കും. പൊതുവിദ്യാലയങ്ങള്‍ നേരത്തെ അടച്ചിരുന്നു. ഔദ്യോഗികമായി ശൈത്യകാല അവധി തുടങ്ങുന്നത് ഈ മാസം 20നാണെങ്കിലും വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ ഇവയും അവധികളില്‍ ഉള്‍പെടുത്തുകയായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശൈത്യകാല അവധി കൂടുതലാണ്. മുന്‍കാലങ്ങളില്‍ മൂന്നാഴ്ചയില്‍ കുറവായിരുന്നു. വേനല്‍കാല അവധി കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ശൈത്യകാല അവധി കൂടിയത്. അതേസമയം അവധി ദിനങ്ങളില്‍ ഓരോ വിദ്യാലയത്തിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും.
നീണ്ട അവധി പ്രവാസി കുടുംബങ്ങളില്‍ ആഹ്ലാദമുളവാക്കി. നാട്ടില്‍ കുടുംബത്തോടൊപ്പം ഏറെ ദിനങ്ങളില്‍ ചെലവഴിക്കാനും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കുടുംബങ്ങളോടൊപ്പം നടത്താനും അവസരം ലഭിക്കും. മിക്ക കുടുംബങ്ങളും മക്കളോടൊപ്പം നാട്ടില്‍ പോകാന്‍ തയ്യാറെടുത്തിട്ടുണ്ട്. വിദ്യാലയ ജീവനക്കാരും ഒരുക്കത്തിലാണ്. വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നതിനാല്‍ പലരും ഇന്നലെതന്നെ നാട്ടിലേക്ക് പറന്നു. ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ യാത്ര തിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നതിനാല്‍ കേരളത്തിലേക്കും മറ്റും ചുരുങ്ങിയ നിരക്കിലാണ് മടക്കയാത്ര അടക്കമുള്ള ടിക്കറ്റ് ലഭിച്ചിരുന്നു. കേരളത്തിലേക്ക് 850 ദിര്‍ഹം വരെയായിരുന്നു ചില സ്വകാര്യ വിമാനങ്ങളുടെ നിരക്ക്. മടക്കയാത്രയടക്കമുള്ള നിരക്കാണിത്. അതേസമയം ഇപ്പോഴത് 2,000ത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഉയര്‍ന്ന നിരക്ക് നല്‍കിയും പലരും നാട്ടിലെത്താന്‍ ഒരുങ്ങുന്നുണ്ട്.
അവധിക്കാലം കൂടി ആരംഭിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. യാത്രക്കാരെയും അവരെ യാത്രയാക്കാനെത്തുന്നവരെയുംകൊണ്ട് വിമാനത്താവളങ്ങളില്‍ ജനബാഹുല്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ തിരക്കായിരുന്നു. നാട്ടില്‍ പോകുന്നവര്‍ ആവശ്യമുള്ള സാധനങ്ങളൊക്കെയും യഥേഷ്ടം വാങ്ങിക്കൂട്ടി. വന്‍ ഇളവാണ് പല സാധനങ്ങള്‍ക്കും ഏര്‍പെടുത്തിയിരുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായി. വിദ്യാലയങ്ങള്‍ അടച്ചതോടെ നിരത്തുകളില്‍ വാഹനത്തിരക്ക് കുറയും. ഇനിയുള്ള മൂന്നാഴ്ചകള്‍ ഗതാഗതതടസമില്ലാതെ വാഹനങ്ങള്‍ ഓടിക്കാം.