Connect with us

Gulf

പൗരന്‍മാരുടെ മോചനത്തിന് തിരക്കിട്ട ശ്രമം

Published

|

Last Updated

ദോഹ: ഇറാഖില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട സ്വദേശി പൗരന്‍മാരുടെ മോചനത്തിന് തിരക്കിട്ട ശ്രമം. ഇറാഖ് മരുഭൂമിയില്‍ അധികൃതരുടെ അനുമതി തേടിയ ശേഷം വേട്ടക്കു പോയ പൗരന്‍മാരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തെ ഖത്വര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, ഇറാഖിലെ ഖത്വര്‍ അംബാസിഡര്‍ സായിദ് ബിന്‍ സഈദ് എന്നിവരെ പൗരന്‍മാരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്കായി ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ഇറാഖ് ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പൗരന്‍മാരുടെ സുരക്ഷിതത്വത്തിനും മോചനത്തിനും വേണ്ടി പ്രവ്ത്തിക്കാനാണ് നിര്‍ദേശം.
വാര്‍ത്ത വന്നയുടന്‍ ഇറാഖ് ഗവണ്‍മെന്റിനെയും ബന്ധപ്പെട്ട വിഭാഗങ്ങളെയും ഖത്വര്‍ ഗവണ്‍മെന്റ് നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാണാതായ പൗരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും മോചനത്തിനുമായി സുരക്ഷാ മേഖലയിലും രാഷ്ട്രീയമായും ഇടപെട്ടു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെ അതിവേഗ മോചനത്തിനാണ് ശ്രമം നടത്തുന്നത്. ദോഹയിലെ ഇറാഖ് എംബസി വഴി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയശേഷമാണ് പൗരന്‍മാര്‍ ഹണ്ടിംഗ് ട്രിപ്പ് പോയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്.
അതിനിടെ തട്ടിക്കൊണ്ടുപോകലിനെ മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയും നിരീക്ഷിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ നേട്ടത്തിനും മാധ്യമ ശ്രദ്ധ നേടുന്നതിനും വേണ്ടിയുള്ളതാണ് ഈ പ്രവൃത്തിയെന്ന് ഇറാഖി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ശിയാക്കള്‍ കൂടുതലായി വസിക്കുന്ന പ്രകൃതിദത്തമായ ഉള്‍പ്രദേശത്തുനിന്നാണ് ഖത്വരികള്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത്. സിറിയയെ പിന്തുണക്കുന്ന ഖത്വര്‍ നിലപാടിനോട് വിയോജിപ്പുള്ള ശിയാ വിഭാഗത്തിന്റെ നടപടിയാണോ തട്ടിക്കൊണ്ടുപോകലെന്ന് ബി ബി സി റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ചു.
ഖത്വരി സംഘത്തിലുള്ളവരെക്കുറിച്ച് വിശദാംശങ്ങള്‍ അറിയിവായിട്ടില്ല. പൊതുവേ ഗള്‍ഫിലെ ഉന്നതര്‍ വേട്ടക്കു പോകുന്ന സ്ഥലമാണിതെന്നു പറയുന്നു. സാധാരണ ഇറാഖി സുരക്ഷാ സൈന്യം വേട്ട സംഘത്തെ അനുഗമിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ വേണ്ടതില്ലെന്ന് ഖത്വര്‍ സംഘം അറിയിക്കുകയായിരുന്നുവെന്ന് ഇറാഖ് പ്രതിനിധികള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ പതിവായി ഗള്‍ഫ് പൗരന്‍മാര്‍ വേട്ടക്കുപോകാറുണ്ട്. ഫാല്‍ക്കണുകളെ പിടിക്കുന്നതിനും ഇറാഖ് പ്രദേശങ്ങളില്‍ പോകുന്നു. പ്രധാനമായും ഫാല്‍ക്കണുകളെയാണ് സംഘങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഇറാഖ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഫാല്‍ക്കണുകള്‍ കൂടുതലായി കാണപ്പെടുന്നത്.

Latest