ആഭ്യന്തരമന്ത്രി സംസാരിച്ചു; സ്പീക്കര്‍ സഭയിലെത്തി

Posted on: December 16, 2015 1:03 pm | Last updated: December 17, 2015 at 9:23 am

niyamasabha-n shakthanതിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭാ നടപടികള്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ രാവിലെ ചോദ്യോത്തര, ശൂന്യവേളകള്‍ ബഹിഷ്‌കരിച്ച സ്പീക്കര്‍ ഉച്ചക്ക് ഒരുമണിയോടെ മാത്രമാണ് ചെയറിലെത്തിയത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്താ ന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാല്‍ സഭാനടപടികള്‍ നാലരയോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറും പ്രതിപക്ഷവും സ്പീക്കറുമായി ധാരണയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. പ്രവാസി ക്ഷേമ ബില്‍ ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്പീക്കര്‍ ഇടപെട്ടപ്പോള്‍ ദോശ ചുട്ടെടുക്കുന്നത് പോലെ നിയമം പാസാക്കാനാകില്ലെന്നായിരുന്നു ചെന്നിത്തലയുടെ രോഷപ്രകടനം.
പൊതുധാരണക്ക് വിരുദ്ധമായി, തന്നെ വിമര്‍ശിച്ച ചെന്നിത്തലയുടെ നടപടി ശക്തനെ ചൊടിപ്പിച്ചു. വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയോടും ചെന്നിത്തലയോടും ഇക്കാര്യം പറയുകയും ചെയ്തു. ധാരണയുടെ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. തനിക്കുണ്ടായ തെറ്റിദ്ധാരണ ചൊവ്വാഴ്ച തന്നെ മാധ്യമങ്ങളെ കണ്ട് വ്യക്തമാക്കാമെന്ന് ചെന്നിത്തല ഉറപ്പുനല്‍കിയിരുന്നതായും സ്പീക്കറോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍, മാധ്യമങ്ങളെ കണ്ടെങ്കിലും ഇക്കാര്യത്തില്‍ ചെന്നിത്തല മൗനംപാലിച്ചു. തുടര്‍ന്നാണ് ഇന്ന ലെ സഭാനടപടികളില്‍ നിന്ന് സ്പീക്കര്‍ വിട്ടുനിന്നത്. നിയമസഭയിലെ തന്റെ ഓഫീസില്‍ രാവിലെ തന്നെ എത്തിയെങ്കിലും ശക്തന്‍ സഭക്കുള്ളിലേക്ക് കടന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാനടപടികള്‍ നിയന്ത്രിച്ചത്. ദൃശ്യമാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് തുടങ്ങിയവര്‍ സ്പീക്കറെ നേരിട്ടുകണ്ട് അനുനയ ശ്രമങ്ങള്‍ നടത്തി. രമേശ് ചെന്നിത്തല ഫോണിലൂടെ തന്റെ നിലപാട് വിശദീകരിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭയില്‍ തിരിച്ചെത്തുകയായിരുന്നു.
പൊതുധാരണയെ കുറിച്ച് അറിയാത്തതിനാലാകണം ചെന്നിത്തല അത്തരത്തില്‍ പ്രതികരിച്ചതെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. അതു മുഖവിലക്കെടുക്കണമെന്നും കെ സി പറഞ്ഞു. അതേസമയം, ഐ ഗ്രൂപ്പിലായിരുന്ന ശക്തന്‍ കഴിഞ്ഞ കുറേ നാളുകളായി എ ഗ്രൂപ്പുമായി പുലര്‍ത്തുന്ന അടുപ്പമാണ് ശക്തനെതിരെയുള്ള ചെന്നിത്തലയുടെ പരസ്യ പ്രതികരണത്തിനു കാരണമെന്നാണ് സൂചന. ശക്തനെ അനുനയിപ്പിക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കളാരും ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. സഭയില്‍ ഹാജരായിട്ടും സ്പീക്കറെ നേരിട്ടുകാണാന്‍ ചെന്നിത്തലയും തയ്യാറായില്ല.
പ്രവാസി ക്ഷേമ ബില്ലിന്റെ ചര്‍ച്ചക്കിടെ ചൊവ്വാഴ്ചയാണ് സ്പീക്കര്‍ക്കെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നത്. എന്‍ എ നെല്ലിക്കുന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രസംഗം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനെ ചെന്നിത്തല ചോദ്യം ചെയ്യുകയായിരുന്നു. ചര്‍ച്ചകളിലൂടെയാണ് നിയമം പാസാക്കേണ്ടതെന്നും ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തിരക്കുണ്ടെങ്കില്‍ മറ്റൊരു ദിവസത്തേക്ക ബില്ല് മാറ്റുകയാണ് വേണ്ടതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.