Connect with us

Kerala

ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന് സാധ്യതയേറി

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പരിഗണനയില്‍. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃയോഗം ഇന്ന് ചേരാനിരിക്കെ കുമ്മനം രാജശേഖരനെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബി ജെ പി നേതൃയോഗത്തില്‍ കുമ്മനം പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്രനിര്‍ദേശ പ്രകാരം ഇന്നലെ അദ്ദേഹം ഡല്‍ഹിയിലെത്തി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കുമ്മനം അധ്യക്ഷ പദവിയിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാണെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി പുതിയ അധ്യക്ഷന്റെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കര്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിച്ചത്.
ബി ജെ പി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയാണ് പുറത്തുനിന്നുള്ളവരെ പരിഗണിക്കാന്‍ കാരണം. എന്നാല്‍, ബാലശങ്കറിന് പ്രാദേശിക രാഷ്ട്രീയത്തില്‍ പ്രവീണ്യം കുറവായതിനാല്‍ കുമ്മനത്തിനുള്ള സാധ്യത വര്‍ധിച്ചു. മാത്രമല്ല, ഹിന്ദുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന അദ്ദേഹം ബി ജെ പി- ആര്‍ എസ് എസ് നേതൃത്വത്തിന് ഒരുപോലെ സ്വീകാര്യനാണ്. നിരവധി ജനകീയ സമരങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതും ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായി. കേന്ദ്രനേതൃത്വം നിര്‍ദേശിച്ച ആര്‍ ബാലശങ്കറിനെ അംഗീകരിക്കാന്‍ മുരളീധരപക്ഷം തയ്യാറല്ല. മുരളീധരപക്ഷം മുമ്പ് ആര്‍ എസ് എസ് സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന രണ്ട് പേരും ചേര്‍ന്നാണ് കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിച്ചത്. ബാലശങ്കര്‍ സംസ്ഥാന അധ്യക്ഷനായാല്‍ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ നേതൃനിരയില്‍ തിരിച്ചെത്തുമെന്ന കാരണമാണ് മുരളീധരപക്ഷം എതിര്‍നീക്കം നടത്തിയത്. എന്നാല്‍, കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണകൂടി നേടാനുള്ള സാധ്യത പരിഗണിക്കുന്ന സാഹചര്യത്തില്‍ തീവ്രഹിന്ദുത്വവാദിയായ കുമ്മനത്തെ നേതൃത്വമാക്കുന്നത് തിരിച്ചടിയാവുമെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍.