പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്

Posted on: December 14, 2015 11:42 pm | Last updated: December 14, 2015 at 11:42 pm

pariyaram medical collegeകണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കീര്‍ണമാണെന്ന് വകുപ്പ് മേധാവികളുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിന്റെ ബാധ്യതയെക്കുറിച്ച് ധനവകുപ്പ് ഉന്നയിച്ച ആശങ്ക കോളജ് ഏറ്റെടുക്കുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുകയാണ്.
കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. അംഗീകാരമില്ലാത്ത തസ്തികകളും ജീവനക്കാരുടെ ബാഹുല്യവും പരിഗണിക്കേണ്ടതില്ലെന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് വിവരം. അതേസമയം, കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി ഉടമകളും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന് കോളജ് ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രക്ഷോഭസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് സിറാജിനോട് പറഞ്ഞു.
ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് പരിയാരത്ത് പുതിയ തസ്തികാ നിര്‍ണയം നടത്തേണ്ടി വരും. ഈ തസ്തികകളിലേക്ക് നിലവിലുള്ള ജീവനക്കാരെ യോഗ്യതയനുസരിച്ച് നിലനിര്‍ത്താനാണ് ഇപ്പോഴത്തെ ധാരണ. അല്ലാത്തവര്‍ പുറത്തുപോകേണ്ടിവരും. ഇത് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്കും നിയമപ്രശ്‌നത്തിലേക്കും പോകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവുചെയ്താലും എല്ലാ ജീവനക്കാരെയും സര്‍ക്കാരിന് ഉള്‍ക്കൊള്ളാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍, നിശ്ചിതയോഗ്യതയുള്ളവരെ മാത്രം ഏറ്റെടുക്കുകയെന്ന മാര്‍ഗം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുത്തപ്പോള്‍ രണ്ട് വര്‍ഷത്തേക്ക് തത്സ്ഥിതി തുടര്‍ന്ന് ജീവനക്കാരെ നിലനിര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ഈ രീതി പരിയാരത്ത് പ്രായോഗികമാവില്ലെന്നാണ് വകുപ്പ് മേധാവികള്‍ നല്‍കുന്ന സൂചന. 900ത്തോളം ജീവനക്കാര്‍ മാത്രമാണ് കൊച്ചിയിലുണ്ടായിരുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ തസ്തികയനുസരിച്ച് ഇവരുടെ യോഗ്യത മാത്രമായിരുന്നു പ്രശ്‌നമായിരുന്നത്. അത് ക്രമപ്പെടുത്താനുള്ള അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 1000 കോടിയുടെ ബാധ്യതയോടെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയനുസരിച്ച് പ്രായോഗികമല്ലെന്നാണ് ധനവകുപ്പിന്റെ വാദം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യം നാളെ നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പരിയാരത്തെക്കുറിച്ച് ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും യോഗത്തില്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചാല്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും നീണ്ടുപോയാല്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് യു ഡി എഫിന് എതിരായ ജനവികാരം ഉണ്ടാകുമെന്ന് മുന്നണിക്കും സര്‍ക്കാറിനും ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.