ജോലിക്കിടെ കാണാതായ വനം വാച്ചറുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: December 12, 2015 2:12 pm | Last updated: December 12, 2015 at 2:12 pm

മാനന്തവാടി: ജോലിക്കിടെ കാണാതായ വനം വാച്ചറുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നടുന്തണ കേക്കര കോളനിയിലെ ബസവ(44)ന്റെ ശരീരാവശിഷ്ടങ്ങളാണ് വനത്തിനുള്ളില്‍ പലയിടങ്ങളിലായി വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്. കാട്ടാന ചവിട്ടികൊന്നതാണെന്നാണ് പ്രാഥമിക വിവരം. ബസവനെ കാണാതയതിന്റെ 18ാം ദിവസമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നവമ്പര്‍ 24നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ കട്ടുപള്ളത്ത് നിന്നും ജോലിക്കിടെ ബസവനെ കാണാതായത്. 27ന് ഭാര്യ ഗൗരി പോലീസില്‍ പരാതി കൊടുത്തതിനു ശേഷമാണ് ബസവനെ കാണാതായ വിവരം വനംവകുപ്പ് പുറത്തുവിടാന്‍ തയ്യാറായത്. തുടര്‍ന്ന് വനംവകുപ്പ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പോലീസും അന്വേഷണം അവസാനിപ്പിച്ച നിലയിലായിരുന്നു.
നടുന്തണകോളനിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മഫ്ത്തിയിലെത്തിയ പോലീസുകാരെ കോളനിക്കാര്‍ ആക്രമിച്ചു എന്ന പേരില്‍ കോളനിയില്‍ മാനന്തവാടി സിഐയുടെ നേതൃത്വത്തില്‍ പോലീസ് ഭീകരത സൃഷ്ടിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വാച്ചറായ രാജുവിനെ പോലീസ് വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ച് വനംവകുപ്പിനെ അറിയിക്കാതെ അറസ്റ്റ് ചെയ്തിരുന്നു. ഇതേദിവസം മുതലാണ് ബസവനെയും കാണാതായത്. പോലീസ് ആദ്യം തയ്യാറാക്കിയ പ്രതിപട്ടികയില്‍ ബസവനും ഉണ്ടായിരുന്നു.
പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ബസവന്‍ മരണപ്പെട്ടതെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് മായാദേവി,വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ ആര്‍ കേളു, ഡാനിയേല്‍ ജോര്‍ജ്ജ്, പഞ്ചായത്തംഗങ്ങളായ കെ അനന്തന്‍ നമ്പ്യാര്‍ കെ സിജിത് എന്നിവരുടെ നേതൃത്വത്തില്‍ ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തടഞ്ഞു. കലക്ടര്‍ എത്തിയ ശേഷമേ ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദിക്കുയുള്ളുവെന്ന നിലാപാടെടുത്തു. സബകലക്ടര്‍ സംബശിവ റാവു സ്ഥലത്തെത്തി പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളുമായി സംസാരിച്ച് കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.
സബ്കലക്ടര്‍ സാബശിവ റാവു, തഹസില്‍ദാര്‍ ടി സോമനാഥന്‍, ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, റേഞ്ച് ഓഫീസര്‍ എ കെ ബാലന്‍, മാനന്തവാടി സിഐ കെ കെ അബ്ദുള്‍ ശരീഫ്, എസ്‌ഐമാരായ ടി മനോഹരന്‍, കെ എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.